നിഷക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി തള്ളി; പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്താനാവില്ലെന്ന് പൊലീസ്

കോട്ടയം: നിഷ ജോസിനെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി. ഷോണ്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്താനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ജോസ് കെ. മാണിയുടെ ഭാര്യയായ നിഷ ജോസിന്റെ ‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ പുസ്തകത്തില്‍ ആരോപണം ഉന്നയിക്കുന്ന രാഷ്ട്രീയക്കാരന്റെ പേര് വെളിപ്പെടുത്തണമെന്നും പുസ്തകത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഷോണ്‍ പരാതി നല്‍കിയത്.

എന്നാല്‍ നിഷ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

ട്രെയിനില്‍ വച്ച് കോട്ടയത്തുള്ള പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചെന്നായിരുന്നു നിഷ എഴുതിയിരുന്നത്. ആരോപണത്തിന് പിന്നാലെ ആരോപണ വിധേയന്‍ ഷോണ്‍ ആണെന്ന് പ്രചരണങ്ങള്‍ നടന്നിരിന്നു.

അടുത്ത തിരഞ്ഞെടുപ്പില്‍ ഷോണ്‍ പാലായില്‍ മല്‍സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എര്‍പ്പാടാണ് ഇതെന്നുമാണ് സംഭവത്തെ കുറിച്ച് പി.സി ജോര്‍ജ് പ്രതികരിച്ചത്.

pathram desk 1:
Leave a Comment