റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ശ്രീലങ്കയിലെ ചിത്രീകരണം വര്‍ഗീയ കലാപത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. സിനിമയുടെ ശ്രീലങ്കയിലെ ചിത്രീകരണം തല്‍കാലം മാറ്റി വെച്ചിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതിനിടെ ഗോവയിലെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നിവിന്‍ പോളി വിശ്രമത്തിലാണ്.
കായംകുളം കൊച്ചുണ്ണിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ ചിത്രീകരണത്തിനായി കണ്ടെത്തിയ ലൊക്കേഷനുകളിലൊന്ന് നിലവില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിലെ കാന്‍ഡിയായിരുന്നു. സിനിമയുടെ അവസാനത്തെ ഷെഡ്യൂള്‍ ആയിരുന്നു ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്നത്. വൈദ്യുതി ബന്ധം പോലുമില്ലാത്ത പ്രദേശങ്ങളും ശ്രീലങ്കയിലെ പഴയ ജയിലുകള്‍ അടക്കമുള്ള ലൊക്കെഷനുകളും സിനിമയ്ക്ക് അനുയോജ്യമായതിനാലാണ് ചിത്രീകരണത്തിനായി കാന്‍ഡി തെരഞ്ഞെടുത്തത്. സംഘര്‍ഷം ശ്രീലങ്കയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തല്‍കാലം മാറ്റിവെക്കേണ്ടി വന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഗോവയിലെ ചില സ്ഥലങ്ങളിലാണ് ഇപ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം നടക്കുന്നത്. ശ്രീലങ്കയില്‍ ഏപ്രില്‍ രണ്ടോടെ ചിത്രീകരണം പുനഃരാരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.
കഴിഞ്ഞ ദിവസം ഗോവയിലെ ചിത്രീകരണത്തിനിടെ നിവിന്‍ പോളിയുടെ ഇടത് കൈയ്ക്ക് പരുക്കേറ്റിരുന്നു. എല്ലിന് പൊട്ടലുണ്ടെന്നാണ് സൂചന. തുടര്‍ന്ന് നിവിന്‍ 15 ദിവസത്തെ വിശ്രമത്തിനായി കേരളത്തിലെത്തി. കായംകുളം കൊച്ചുണ്ണി ഓണത്തിന് തിയേറ്ററുകളിലെത്തിയേക്കും.
Leave a Comment