ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഒറ്റയ്ക്ക്

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ് തീരുമാനിച്ചു. പാര്‍ട്ടിക്കു വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കുന്നതുവരെ എന്‍ഡിഎയുമായി സഹകരിക്കില്ല. എന്‍ഡിഎയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുന്നണിയിലെ ബിജെപി ഇതര പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്ന്, പാര്‍ട്ടി നേതൃയോഗത്തിനു ശേഷം ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരില്‍ ബിഡിജെഎസിന് നിര്‍ണായക സ്വാധീനമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഒപ്പം നിന്നതുകൊണ്ടാണ് ബിജെപിക്കു വോട്ടു കൂടിയത്. ആറു ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി എങ്ങനെ പതിനഞ്ചു ശതമാനത്തിലെത്തി എന്ന് ആലോചിച്ചാല്‍ മതി.

താന്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് തുഷാര്‍ ആവര്‍ത്തിച്ചു. നേരത്തെ വാഗ്ദാനം ചെയ്ത പദവികള്‍ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യസഭാ സീറ്റ് തനിക്കു നല്‍കുമെന്ന വാര്‍ത്തയ്ക്കു പിന്നില്‍ ബിജെപിയിലെ ചില നേതാക്കളാണ്. സീറ്റ് തനിക്കാണ് നല്‍കുകയെന്നും അതിനായി ഇവിടെനിന്ന് മറ്റാരും ചെല്ലേണ്ടതില്ലെന്നും വരുത്തിത്തീര്‍ക്കാനാവണം അതു ചെയ്തത്. ഈ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി വേണം. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ നടന്നത് കേവലം മാധ്യമ സൃഷ്ടിയല്ലെന്ന് തുഷാര്‍ പറഞ്ഞു.

pathram desk 2:
Leave a Comment