ന്യൂഡല്‍ഹി: ജയ ബച്ചനെതിരേ ‘നൃത്തക്കാരിക്കു സീറ്റ് നല്‍കിയതു വേദനിപ്പിച്ചു’ എന്ന പരാമര്‍ശം നടത്തി പുലിവാലു പിടിച്ച നരേഷ് അഗര്‍വാള്‍ മാപ്പുപറഞ്ഞ് തലയൂരി. രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ നടത്തിയ പരാമര്‍ശത്തിനെതിരേ ബിജെപി വനിതാ മന്ത്രിമാര്‍ രംഗത്തെത്തിയതോടെയാണ് നേതാവ് മാപ്പുപറഞ്ഞത്.
പരാമര്‍ശത്തിലൂടെ ആരെയും വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും നരേഷ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു.
രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നുകൊണ്ടു നടത്തിയ പത്രസമ്മേളനത്തിലാണ് എസ്പി രാജ്യസഭാ സ്ഥാനാര്‍ഥി ജയ ബച്ചനെതിരേ നരേഷ് അഗര്‍വാള്‍ കുത്തുവാക്ക് പറഞ്ഞത്. സിനിമയിലെ നൃത്തക്കാരിക്ക് സീറ്റ് നല്‍കിയതു തന്നെ വേദനിപ്പിച്ചെന്നായിരുന്നു മുതിര്‍ന്ന നേതാവിന്റെ പരാമര്‍ശം. എന്നാല്‍ ഈ പരാമര്‍ശത്തിനെതിരേ വിദേശകാര്യമന്ത്രി സുഷമ സ്വരാജും മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ജയ ബച്ചനെതിരായ നരേഷ് സഗര്‍വാളിന്റെ പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാണെന്ന് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
Leave a Comment