പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജിത്തു ജോസഫ് ചിത്രം ആദി ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഇതൊന്നും കാണാന്‍ കാത്തുനില്‍ക്കാതെ പ്രണവ് ഹിമാലയന്‍ യാത്രയ്ക്ക് പോകുകയായിരിന്നു. ആദിയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ജീത്തു ജോസഫിനും തന്റെ മാതാപിതാക്കള്‍ക്കും മുമ്പില്‍ പ്രണവ് ചില നിബന്ധനകള്‍ വെച്ചിരുന്നു. ആദിക്ക് ശേഷം അടുത്ത സിനിമ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഒരു നിബന്ധന. മറ്റൊന്ന്, സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പരിപാടികള്‍ പങ്കെടുക്കില്ലെന്നുമായിരുന്നു അത്.
അതേസമയം സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് പ്രണവിനോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബസുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍ പറയുന്നു. എന്നാല്‍ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താന്‍ കഴിയുമോ എന്ന് പ്രണവ് തന്നോട് ചോദിച്ചിരുന്നതായും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
‘സിനിമ ചെയ്യുകയെന്നതായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ അപ്പുവിന്റെ ആ നിബന്ധന ഞങ്ങള്‍ സ്വീകരിച്ചിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ. അതുകൊണ്ട് അപ്പുവിനെ വിളിച്ചില്ല’, ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
ആദി ഇറങ്ങിയ ശേഷമുള്ള പ്രതികരണത്തെ കുറിച്ച് പ്രണവ് ചോദിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചറിയിക്കാന്‍ ഫോണ്‍ പരിധിക്ക് പുറത്താണ്. ആദിയുടെ റിലീസിങ് സമയത്ത് എല്ലാവരും ഭയങ്കര ടെന്‍ഷനിലായിരുന്നു. ജീവിതത്തില്‍ ഇത്രയധികം ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല. മികച്ച പ്രതികരണമാണെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായതെന്നും ആന്റണി പറഞ്ഞു.
Leave a Comment