അവതരിപ്പിക്കുന്ന കഥാപാത്രം ഏതുമാകട്ടെ, അതിന് കുറിച്ച് ആഴത്തില്‍ പഠിച്ചശേഷം ഉള്‍ക്കൊണ്ട് അതിലേക്ക് ചേക്കേറുന്ന നടനാണ് ജയസൂര്യ. അതിന് വേണ്ടി എന്തു കഠിനാദ്ധ്വാനം ചെയ്യാനും മടിക്കാത്ത താരമാണ് ജയസൂര്യ. ഹാപ്പി ജേര്‍ണി എന്ന സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനു വേണ്ടി താന്‍ കാഴ്ചയില്ലാത്തവനെ പോലെ ഹൈദരാബാദ് നഗരത്തില്‍ നടന്നിട്ടുണ്ടെന്ന് ജയസൂര്യ പറയുന്നു.
അന്ധരുടെ ക്രിക്കറ്റ് ടീമില്‍ സ്ഥാനം ലഭിക്കുന്ന ആരോണ്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമായിരിന്നു ഹാപ്പി ജേര്‍ണി. ചിത്രത്തിന്റെ തയ്യാറെടുപ്പിനായി കാഴ്ചയില്ലാത്തവനായി മൂന്ന് ദിവസം ഹൈദരാബാദില്‍ ജീവിച്ചിട്ടുണെന്ന് ജയസൂര്യ പറയുന്നു. കേരളത്തില്‍ എല്ലാവരും തിരിച്ചറിയും അതുകൊണ്ടാണ് ഹൈദരാബാദില്‍ പോയത്. നമ്മളെ തിരിച്ചറിയാത്ത സ്ഥലമാകുമ്പോള്‍ അന്ധരോട് സമൂഹത്തിന്റെ സമീപനം എങ്ങനെയെന്ന് അറിയാനാകും.
കാഴ്ചയില്ലാത്ത ആളെപ്പോലെ അവിടെ കൂളായി പാര്‍ക്കിലൊക്കെ പോയിരുന്നു. റൈഡുകളില്‍ കയറുമ്പോഴൊക്കെ സ്നേഹത്തോടെയാണ് ആള്‍ക്കാര്‍ പെരുമാറിയെതെന്നും ജയസൂര്യ പറയുന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ എന്‍എസ്എസുമായി സഹകരിച്ച് നടത്തുന്ന കാഴ്ചയില്ലാത്തവര്‍ക്കൊരു സഹായസ്പര്‍ശം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജയസൂര്യ. സര്‍ക്കാര്‍ സഹായത്തോടെയാണ് കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ കാഴ്ചയില്ലാത്തവര്‍ക്കൊരു സഹായസ്പര്‍ശം’ പദ്ധതി നടപ്പാക്കുന്നത്.
ഹാപ്പി ജേര്‍ണി വിജയിക്കാതെ പോയതില്‍ വിഷമമുണ്ടായിരുന്നു. അതിന് പല കാരണങ്ങളുമുണ്ടാകാം. എന്നാല്‍ ഇപ്പോള്‍ ഈ ചടങ്ങില്‍ നില്‍ക്കുമ്പോള്‍ ഇതിനുവേണ്ടിയാണ് ആ സിനിമ ഉണ്ടായതെന്ന് തോന്നുന്നുവെന്നും ജയസൂര്യ പറഞ്ഞു.
Leave a Comment