ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വതന്ത്രയായി ജീവിക്കാനുള്ള അവകാശം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണമെന്നും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഹാദിയ നല്‍കിയ സത്യവാങ്മൂലം കോടതി ഇന്ന് പരിഗണിക്കും. അച്ഛന്‍ അശോകനും, അമ്മയ്ക്കും, എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും ഹാദിയ സത്യവാങ് മൂലത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം ഹാദിയയുടെ ആരോപണത്തെ കുറിച്ച് വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് അശോകന്റെ അഭിഭാഷകരും, എന്‍ഐഎയും ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. അഭിഭാഷകനായ സയ്യദ് മര്‍സൂഖ് ബാഫഖി മുഖേനെ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അച്ഛന്‍ അശോകന്‍, അമ്മ, എന്‍ഐഎ ഉദ്യോഗസ്ഥര്‍, വൈക്കം ഡിവൈഎസ്പി ,രാഹുല്‍ ഈശ്വര്‍, ശിവ ശക്തി യോഗ സെന്ററിലെ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കെതിരെ ഹാദിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
വൈക്കത്ത് വീട്ട് തടങ്കലില്‍ കഴിയവെ ഹിന്ദു മതത്തിലേക്ക് മാറാനും മറ്റൊരു വിവാഹം കഴിക്കാനും സമ്മര്‍ദ്ദമുണ്ടായി. വീട്ടില്‍ നല്‍കിയ ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി തന്നു. ക്രിമിനല്‍ എന്ന മുന്‍വിധിയോടെയാണ് ചില എന്‍ഐഎ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. പിടികിട്ടാപുള്ളികളോടുള്ള സമീപനമായിരുന്നു വൈക്കം ഡിവൈഎസ്പിയുടെത്. അശോകന്‍ ചിലരുടെ സ്വാധീന വലയത്തിലാണെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്. തന്നെ മാനസികമായി പീഡിപ്പിച്ച ഭരണകൂടത്തില്‍ നിന്നും ഉത്തരവാദിത്ത പെട്ടവരില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാന്‍ ഉത്തരവിടണം എന്നും ഹാദിയ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹാദിയയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഇന്നലെ അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും, ഇന്നത്തെ വാദം നീട്ടി വയ്ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. എന്നാല്‍ ഹാദിയയുടെ ആരോപണത്തെ കുറിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് അശോകന്റെ അഭിഭാഷകരും, എന്‍ഐഎയും ഇന്ന് കോടതിയില്‍ ആവശ്യപ്പെടും എന്നാണ് സൂചന.
Leave a Comment