രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി, മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മാലി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മാലിദ്വീപില്‍ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഔദ്യോഗിക ചാനലിലൂടെ മാലി നിയമകാര്യ മന്ത്രി അസീമ ശക്കൂര്‍ ആണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാരിനെതിരെ സുപ്രിം കോടതി വിധി വന്നതിനു പിന്നാലെയാണ് മാലിയില്‍ പ്രതിസന്ധി തുടങ്ങിയത്. യമീന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഒന്‍പത് പ്രതിപക്ഷ പാര്‍ലമെന്റംഗങ്ങളെ മോചിപ്പിക്കണമെന്നും പുറത്താക്കിയ 12 ഭരണകക്ഷി അംഗങ്ങളെ തിരിച്ചെടുക്കണമെന്നുമായിരുന്നു കോടതി വിധി.

എന്നാല്‍ വിധിക്കെതിരെ അബ്ദുല്ല യമീന്‍ ശക്തമായി രംഗത്തുവന്നു. വിധി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സര്‍ക്കാര്‍ വാദിക്കുകയും കോടതി വിധി നടപ്പിലാക്കരുതെന്ന് സൈന്യത്തിനും പൊലിസിനും നിര്‍ദേശം നല്‍കുകയും ചെയ്തു.ഇതേച്ചൊല്ലി ശനിയാഴ്ച പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ ചോദ്യമുന്നയിച്ചപ്പോള്‍, സൈനികരെത്തി രണ്ട് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും പാര്‍ലമെന്റ് പൂട്ടി സീല്‍ വയ്ക്കുകയും ചെയ്തിരുന്നു.

സൈന്യം സുപ്രിം കോടതിയില്‍ പ്രവേശിച്ച് ജഡ്ജിമാരെ അറസ്റ്റ് ചെയ്തേക്കുമെന്ന വാര്‍ത്തകളും പരക്കുന്നുണ്ട്. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അബ്ദുല്ല യമീന്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി. യമീനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്ന സൂചന സര്‍ക്കാരിന് ലഭിച്ചതോടെയാണ് കത്തെഴുതിയത്.എന്നാല്‍, യമീന്‍ രാജിവച്ച് പുതിയ നേതൃത്വം ചുമതലയേറ്റെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

pathram desk 2:
Related Post
Leave a Comment