എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.

പത്ത് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഫോണ്‍കെണി വിവാദത്തെത്തുടര്‍ന്ന് 2017 മാര്‍ച്ച് 26 നാണ് ശശീന്ദ്രന്‍ രാജിവച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം സി.ജെ.എം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

ശശീന്ദ്രനെതിരായ മൊഴി പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം മാറ്റിപറഞ്ഞിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് തന്നെ ആരും ശല്ല്യം ചെയ്തിട്ടില്ലെന്നും ഫോണില്‍ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് മന്ത്രിയായിരുന്ന ശശീന്ദ്രനാണോ എന്നുറപ്പില്ലന്നുമായിരുന്നു മൊഴി. മുന്‍ മന്ത്രിയ്‌ക്കെതിരെ പരാതിയില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശശീന്ദ്രനെ കുറ്റ വിമുക്തനാക്കി കൊണ്ട് കോടതി വിധി വന്നത്.

തുടര്‍ന്ന് എന്‍.സി.പി സംസ്ഥാന നേതൃത്വം ശശീന്ദ്രനെ മന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കി. ശശീന്ദ്രനെ മന്ത്രിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഫയല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു. ശശീന്ദ്രന് പകരക്കാരനായി മന്ത്രിയായ തോമസ് ചാണ്ടി ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു.

pathram desk 2:
Leave a Comment