ന്യൂഡല്‍ഹി: ഒരാളുടെ അന്തസിനെയും വ്യക്തിപരമായ ഇടത്തെയും അവഹേളിക്കാതെ ഒരാള്‍ക്കു മറ്റൊരാളുടെ കാഴ്ചപ്പാടുമായി വിയോജിക്കാനും ചരിത്രപരമായ കാര്യങ്ങളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കാനും സാധിക്കുമ്പോഴാണ് പൗരബോധമുള്ള രാഷ്ട്രം ഉണ്ടാകുകയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരബോധമുള്ള ജനങ്ങളാണ് പൗരബോധമുള്ള രാഷ്ട്രം നിര്‍മിക്കുക. ആഘോഷ വേളകളിലോ പ്രതിഷേധ വേളകളിലോ നമ്മുടെ അയല്‍ക്കാര്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കാതിരിക്കുമ്പോഴും അടുത്ത വീട്ടുകാര്‍ക്കുള്ള സ്ഥാനവും സ്വകാര്യതയും അവകാശങ്ങളും മാനിക്കുമ്പോഴുമാണ് ഇതു സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.റിപ്പബ്ലിക് എന്നാല്‍ അവിടത്തെ ജനങ്ങള്‍ തന്നെയാണ്. പൗരന്‍മാര്‍ ചെയ്യുന്നതു കേവലം ഒരു റിപ്പബ്ലിക് നിര്‍മിച്ച് നിലനിര്‍ത്തുകയല്ല; മറിച്ച് അവര്‍ ആ രാ ഷ്ട്രത്തിന്റെ ഉടമസ്ഥരും ആ രാഷ്ട്രത്തെ നിലനിര്‍ത്തുന്ന സ്തംഭങ്ങളും തന്നെയാണ്. അവര്‍ ഓരോരുത്തരും രാജ്യത്തിന്റെ ഓരോ തൂണുകളാണ്.
ഒരു കുടുംബം സൃഷ്ടിക്കുന്നതുപോലെയോ അയല്‍ക്കൂട്ടം കെട്ടിപ്പടുക്കുന്നതുപോലെയോ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതു പോലെയോ ഒരു സംരംഭം യാഥാര്‍ഥ്യമാക്കുന്നതുപോലെയോ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതുപോലെയോ ആണു രാഷ്ട്രനിര്‍മാണം. ഒരു സമൂഹസൃഷ്ടിക്കു സമാനവുമാണതെന്നും രാഷ്ട്രപതി പറഞ്ഞു.
Leave a Comment