ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്… നവീന്‍ തന്നെ വിളിക്കുന്നത് ‘ബുജ്ജു’ എന്ന്.. മനസ് തുറന്ന് ഭാവന

ജീവിത പങ്കാളിയായ നവീനെ കുറിച്ചും നവീനുമായുള്ള പരിചയത്തെ കുറിച്ചും മനസ് തുറന്ന് നടി ഭാവന. ‘അഞ്ചു വര്‍ഷമായി നവീനെ പരിചയപ്പെട്ടിട്ട്. ആദ്യം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഞാന്‍ അഭിനയിച്ച ‘റോമിയോ’ എന്ന കന്നട സിനിമയുടെ പ്രൊഡ്യൂസര്‍ ആയിരുന്നു നവീന്‍. അവര്‍ ആന്ധ്രക്കാരാണ്. നവീന്റെ അച്ഛന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ അധ്യാപികയും. അതുകൊണ്ടാണ് അവര്‍ ബെംഗളൂരുവില്‍ സെറ്റില്‍ ചെയ്തത്.

‘റോമിയോ’യുെട കഥ പറയാന്‍ നവീനും സംവിധായകനും കൊച്ചിയില്‍ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. കഥ പറഞ്ഞു ഇഷ്ടപ്പെട്ടു, കരാറില്‍ ഒപ്പിട്ടു. അന്നേ അദ്ദേഹത്തില്‍ കണ്ട ഒരു ഗുണം, സിനിമയുമായി ബന്ധപ്പെട്ട് അല്ലാെത ഒരു വാക്കോ മെസേജോ പോലും അയയ്ക്കാറില്ല, എന്നതാണ്. അപ്പോഴേ എനിക്കു തോന്നി നല്ലൊരു വ്യക്തിയാണല്ലോയെന്ന്. പിന്നെ, നല്ല വിദ്യാഭ്യാസമുണ്ട്. പൈലറ്റാണ്. എയര്‍ഫോഴ്സില്‍ യുദ്ധവൈമാനികന്‍ ആകേണ്ട വ്യക്തിയാണ്. പക്ഷേ, വീട്ടില്‍ ഒറ്റമോനായതുകൊണ്ട് അവര്‍ സമ്മതിച്ചില്ല.

ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക. അതാണ് നവീന്‍ എന്നില്‍ കാണുന്ന ഏറ്റവും വലിയ ഗുണം. കുട്ടിക്കാലം മുതലേ എന്റെ ശീലമാണത്. വീട്ടിലായാലും കൂട്ടുകാര്‍ക്കിടയ്ക്കായാലും ഒക്കെ ഉള്ളില്‍ ഒന്നു വച്ച് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കാകില്ല. ഒന്നും അറിയാത്തതു പോലെ പെരുമാറുക, പാവത്താനെ പോലെ അഭിനയിക്കുക അതും എനിക്കു പറ്റില്ല. ഒരാള്‍ നമ്മുടെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞ് സ് നേഹിക്കുമ്പോഴാണ് ആ ബന്ധത്തിന് ആഴമുണ്ടാകുന്നത്. ഞാന്‍ ട്രാന്‍സ്പാരന്റ് ആണ്. അങ്ങനെതന്നെയാണ് നവീനും. ഇഷ്ടക്കേടുകള്‍ തുറന്നു പറയും.’ വിവാഹത്തിനു മുമ്പ് വനിത മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഭാവന മനസ്സുതുറന്നു.

വീട്ടില്‍ കാര്‍ത്തി, നവീന് ‘ബുജ്ജു’ ബാലചന്ദ്രനും ഭാര്യ പുഷ്പയും കാര്‍ത്തി എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന മകള്‍ കാര്‍ത്തിക, സിനിമയ്ക്ക് വേണ്ടി പേരു മാറ്റിയിരുന്നു, ഭാവന എന്ന്. ഇപ്പോള്‍ പതിനഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ബാലേട്ടന്‍ പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍ നടന്നത്. സിനിമാ ലോകവും ആരാധകരും ആ പെണ്‍കുട്ടിയെ ഒരുപാടു സ്നേഹിച്ചു. ഒന്നല്ല നാലു ഭാഷകളിലൂെട തെന്നിന്ത്യയില്‍ മലയാളിയുടെ അഭിമാനമായി ആ പെണ്‍കുട്ടി.

‘റോമിയോ’യുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം വൈകുന്നേരം നവീന്‍ റൂമിലേക്കു വന്നു. അമ്മ റൂമിലുണ്ട്. അവര്‍ തമ്മില്‍ അര മണിക്കൂറോളം സംസാരിച്ചു. രസം എന്താന്നു വച്ചാല്‍ നവീന് മലയാളം ഒഴികെ എല്ലാ തെന്നിന്ത്യന്‍ ഭാഷയും സംസാരിക്കാനറിയാം. അമ്മയ്ക്കാണെങ്കില്‍ മലയാളം മാത്രമേ അറിയാവൂ. എന്നിട്ടും അവര്‍ തമ്മില്‍ അര മണിക്കൂര്‍ എങ്ങനെ സംസാരിച്ചുവെന്നറിഞ്ഞു കൂടാ.

നവീന്‍ പോയപ്പോള്‍ അമ്മ പറഞ്ഞു, ‘ഞങ്ങളുടെയൊക്കെ മനസ്സില്‍ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാന്‍ വരേണ്ടത്.’ അമ്മ അന്ന് അങ്ങനെ പറഞ്ഞെങ്കിലും ഞാനത് കാര്യമാക്കിയില്ല. പിന്നെയും കുറേക്കാലം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി നടന്നു. പക്ഷേ, വിളിക്കുമ്പോഴൊക്കെ സംസാരിക്കുന്നത് സിനിമയെക്കുറിച്ചായിരുന്നു. നവീന്‍ തിരക്കുള്ള ആളാണ്. എപ്പോഴും ഫോണില്‍ കിട്ടുന്ന ആളല്ല. എങ്കിലും നല്ല സുരക്ഷിതത്വബോധം തരാന്‍ നവീന് കഴിഞ്ഞു.

എന്നോടൊപ്പമുള്ള ഫോട്ടോ അച്ചടിച്ചു വന്നതോെട താനും സെലിബ്രിറ്റി ആയന്ന് നവീന്‍ ഈയിടെ തമാശ പറഞ്ഞു. ഭാവന, കാര്‍ത്തി എന്നൊന്നുമല്ല, ‘ബുജ്ജു’ എന്നാണ് നവീന്‍ എന്നെ വിളിക്കുന്നത്. കന്നഡ വാക്കാണ്. ‘ചെല്ലക്കുട്ടി’ എന്നൊക്കെ പറയും പോലെ ഒരു ഓമനപ്പേര്.

ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം, പഠനം, സിനിമ, യാത്രകള്‍, ആദ്യ പ്രണയം. അങ്ങനെ എല്ലാം. നവീനും ഉണ്ടായിരുന്നു ഒരു ക്യാംപസ് പ്രണയം. ഏതു കാര്യത്തിനും ഒരു പൊസിറ്റീവ് വശമുണ്ട്. ആദ്യ പ്രണയത്തെത്തുടര്‍ന്നാണ് ഞാന്‍ പുസ്തകങ്ങളുമായി കൂടുതല്‍ അടുത്തത്. ഈ ലോകം എന്താണെന്ന് അറിയണമെങ്കില്‍ മാധ്യമങ്ങളെ ശ്രദ്ധിക്കണം, കാര്യങ്ങള്‍ അഗാധമായി മനസ്സിലാക്കാന്‍ ഈടുറ്റ ഗ്രന്ഥങ്ങള്‍ വായിക്കണം എന്നൊക്കെ അതോടെ പഠിച്ചു. പ്രണയം പൊളിഞ്ഞെങ്കിലും ഇങ്ങനെ ചില ഗുണങ്ങളുണ്ടായി.’

pathram desk 1:
Leave a Comment