കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം ‘സത്യദീപം’ രംഗത്ത്. വസ്തുതകള്‍ മൂടിവയ്ക്കുകയല്ല വേണ്ടതെന്ന് ലേഖനത്തില്‍ പറയുന്നു. തെറ്റു പറ്റിയാല്‍ തിരുത്തുന്ന നടപടിയാണ് വേണ്ടതെന്നും സത്യദീപത്തിന്റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ തെറ്റുകള്‍ തിരുത്താന്‍ കാണിക്കുന്ന സൗമനസ്യം ജൂബിലി ആഘോഷങ്ങള്‍ക്കുള്ള സമ്മാനമാണ്. തെറ്റ് ഏറ്റുപറയുക എന്നത് സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. പ്രശ്നപരിഹാരത്തിന് അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിച്ചത് അഭിന്ദനാര്‍ഹമാണെന്നും ഇവര്‍ ഭൂമി ഇടപാടിനെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് കരുതുന്നതായും ലേഖനത്തില്‍ പറയുന്നു.
വസ്തുതകള്‍ എന്തായിരുന്നാലും അവ മൂടിവയ്ക്കപ്പെടേണ്ടവയല്ല. അത് തുറന്നു പറയേണ്ടവയും തിരുത്തേണ്ടതുമാണ്. മെത്രാന്‍ സമിതി കാര്യങ്ങള്‍ വേണ്ടവിധം പഠിക്കാന്‍ തയ്യാറാകുമെന്നും ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാത്ത തരത്തിലുള്ള നടപടികള്‍ എടുക്കമെന്നുമാണ് കരുതുന്നതെന്നും സത്യദീപത്തിലെ ലേഖനത്തില്‍ പറയുന്നു.
സംഭവിച്ച കാര്യങ്ങളെയും വസ്തുതകളെയും തെറ്റുകളെയും പൊതുജനമദ്ധ്യത്തില്‍ കൊണ്ടുവന്നു വിഴുപ്പലക്കരുത് എന്നുപറയുമ്പോള്‍ത്തന്നെ തുറന്നുപറയേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിക്കുന്നത് കാലത്തിനു യോജിച്ചതല്ല. സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ കാര്യങ്ങള്‍ അറിയാമെന്നിരിക്കെ സഭയുടെ പ്രതിച്ഛായയെക്കുറിച്ചും സല്‌പേരിനെ കുറിച്ചും ആകുലപ്പെട്ട് യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കുന്നതു ശരിയല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സത്യദീപത്തിന്റെ മുന്‍ ലക്കത്തില്‍ ഭൂമിയിടപാട് സംബന്ധിച്ച് രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ത്തിയിരുന്നത്. ഭൂമിയിടപാടു സംബന്ധിച്ച വീഴ്ചകള്‍ തിരുത്തണമെന്ന ഉറച്ച നിലപാടായിരുന്നു അന്ന് മുഖപത്രം സ്വീകരിച്ചിരുന്നത്. എണറാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ മാനേജിങ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ടാണ്.
Leave a Comment