ജഡ്ജിമാരുടെ തര്‍ക്കത്തിന് പരിഹാരമായി…. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്, രാഷ്ട്രപതിയെ സമീപിക്കില്ലന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി:ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. അത് ഫലം കണ്ടെന്നും കുര്യന്‍ പറഞ്ഞു.രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുനിന്നുള്ളവര്‍ പ്രശ്നത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സാങ്കേതികമായി രാഷ്ട്രപതിക്ക് പ്രശ്നത്തില്‍ ഇടപെടാനാകില്ല. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം മാത്രമാണ് രാഷ്ടപതിക്കുള്ളതെന്നും കുര്യന്‍ പറഞ്ഞു.

അതേസമയം ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച്ച പരിഗണിക്കില്ല. കേസ് പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജിയുടെ അസാന്നിധ്യത്തെ തുടര്‍ന്നാണ് നടപടി.ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ദീപക് മിശ്രയ്ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നത്. പിന്നീട് ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തി ദീപക് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് മോദി റിപ്പോര്‍ട്ട് തേടിയത്.

അതേസമയം കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്വമെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ ഭരണ സംവിധാനം ക്രമത്തിലല്ല. ഒട്ടും സന്തോഷത്തോടെയല്ല വാര്‍ത്താ സമ്മേളനത്തിന് തുനിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യാമായാണ് കോടതികള്‍ അടച്ചിട്ട് സുപ്രീംകോടതി ജഡ്ജിമാര്‍ പരസ്യമായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. പ്രധാനപ്പെട്ട കേസുകള്‍ കൈമാറുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് ചീഫ് ജസ്റ്റിസിനെതിരെ പരസ്യവിമര്‍ശവുമായി രംഗത്തിറങ്ങാന്‍ ജഡ്ജിമാരെ പ്രേരിപ്പിച്ചത്.

pathram desk 2:
Leave a Comment