പശു നമ്മുടെ കയ്യില്‍ നിന്നും പോയി, പശു എന്ന വാക്ക് ഉപയോഗിച്ചാല്‍ തന്നെ വര്‍ഗീയത ഉണ്ടാകും; അഞ്ച് പശുക്കളെ വളര്‍ത്തുന്ന എന്നോട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു, പശുവിനെ ഒഴിവാക്കാന്‍: സലിം കുമാര്‍

നടന്‍ സലീംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡ് കത്തിവച്ചു. സിനിമയില്‍ ഉണ്ടായിരുന്ന പശുവിന്റെ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യിപ്പിച്ചതായി സലിം കുമാര്‍ തന്നെ വെളിപ്പെടുത്തുന്നു. വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന് സലിം കുമാര്‍ പറഞ്ഞു.
പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തുന്ന ന്യായം. അത് എങ്ങനെയാണെന്ന് മാത്രം മനസ്സിലാകുന്നില്ല. പശു നമ്മുടെ കയ്യില്‍ നിന്നും പോയി. പശു എന്ന വാക്ക് ഉപയോഗിച്ചാല്‍ തന്നെ വര്‍ഗീയമാകുമെന്ന് സെന്‍സര്‍ബോര്‍ഡ് പറയുന്നു.

സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ അത് റിലീസിംഗിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ രംഗങ്ങള്‍ ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്. ഒരു കാര്യത്തെയും വിമര്‍ശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴെന്നും സലീംകുമാര്‍ പറയുന്നു.

ഇങ്ങനെ പോയാല്‍ നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ അനുവാദം മേടിക്കേണ്ട അവസ്ഥ വരും. ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ പശുക്കളുണ്ട്, ഇപ്പോഴുമുണ്ട് അഞ്ച് പശുക്കള്‍. ആ തനിക്കാണ് ഇപ്പോള്‍ പശുക്കളെ ഒഴിവാക്കേണ്ടി വന്നിരിക്കുന്നതെന്ന് സലീംകുമാര്‍ പറഞ്ഞു. ജയറാം നായകനാകുന്ന ചിത്രം ഇന്നലെ റിലീസ് ചെയ്തു. തിയറ്ററുകളില്‍ മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

pathram:
Leave a Comment