അഭിമാന നിമിഷം; നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

ചെന്നൈ: ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ പുതിയ നേട്ടവുമായി നൂറാമത് ഉപഗ്രഹം പിഎസ്എല്‍വിസി40 ബഹിരാകാശത്തേക്ക് കുതിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിസി40 വിജയകരമായി വിക്ഷേപിച്ചത്. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 42–ാമതു ദൗത്യമാണിത്.
ദൗത്യം വിജയകരമായിരുന്നെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയെയും ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബഹിരാകാശ ഗവേഷണ രംഗത്തെ ഈ കുതിപ്പ് രാജ്യത്തെ കര്‍ഷകര്‍ക്കും മല്‍സ്യ തൊഴിലാളികളും ഉള്‍പ്പെടെയുള്ള പൗരന്‍മാര്‍ക്ക് ഗുണകരമായി ഭവിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്യത്തിനുള്ള പുതുവര്‍ഷ സമ്മാനമാണിതെന്ന് സ്ഥാനമൊഴിയുന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാര്‍ വ്യക്തമാക്കി. ഇതിനു മുന്‍പുള്ള പിഎസ്എല്‍വി വിക്ഷേപണത്തില്‍ നാം ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അതെല്ലാം വിജയകരമായി പരിഹരിച്ചെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ പരീക്ഷണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷണത്തിനു പിന്നാലെ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ. കെ.ശിവന്‍ ഇന്ന് ചുമതലയേല്‍ക്കും.
വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്നലെ പുലര്‍ച്ചെ 5.29നാണ് ആരംഭിച്ചത്. ഭൗമനിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് പേടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി–സി40 വിക്ഷേപിച്ചത്. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുള്ള പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറകള്‍ കാര്‍ട്ടോസാറ്റ്–2വിന്റെ പ്രത്യേകതയാണ്. ഉപഗ്രഹങ്ങളടങ്ങിയ പിഎസ്എല്‍വി–സി40 ക്ക് 1323 കിലോഗ്രാമാണ് ഭാരം. ഇതില്‍ കാര്‍ട്ടോസാറ്റ്–2 മാത്രം 710 കിലോയുണ്ട്. കഴിഞ്ഞതവണ പിഎസ്എല്‍വി സി–39 വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധനകള്‍ക്കു ശേഷമാണ് പുതിയ ദൗത്യത്തിലേക്ക് കടന്നത്.

pathram:
Leave a Comment