ബല്‍റാം പറഞ്ഞതുവെച്ച് എല്ലാ തരത്തിലും ആക്രമിക്കണം, പക്ഷേ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ കൊണ്ടാവണമെന്ന് മാത്രം: എന്‍.എസ് മാധവന്‍

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഇടത് പ്രവര്‍ത്തകര്‍ വി.ടി. ബല്‍റാം എം.എല്‍.എയ്ക്ക് നേരെ ചീമുട്ടയെറിയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍.വി.ടി ബല്‍റാമിന് നേരെ കല്ലെറിയാനുള്ള ആശയം മോശമാണെന്നും ഭീകരമായ ആശയമാണ് അതെന്നും എന്‍.എസ് മാധവന്‍ പറയുന്നു. ‘കുറ്റക്കാരനെന്ന് വിധിക്കുന്ന ഒരു ക്രിമിനല്‍ നടപടി കൂടിയാണ് ബല്‍റാമിനെതിരായ ആക്രമണം. അദ്ദേഹം പറഞ്ഞതുവെച്ച് നോക്കുമ്പോള്‍ എല്ലാ തരത്തിലും അദ്ദേഹത്തെ ആക്രമിക്കണം. അത് പക്ഷേ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ കൊണ്ടാവണമെന്ന് മാത്രം. കാരണം ബല്‍റാം ഒരു ഫേസ്ബുക്ക് ജീവി മാത്രമാണ്’.-എന്‍.എസ് മാധവന്‍ പറയുന്നു.

ഇന്ന് രാവിലെയായിരുന്നു തൃത്താലയില്‍ വെച്ച് വി.ടി ബല്‍റാമിന് നേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും നടന്നത്. തൃത്താലയില്‍ സ്വകാര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം.10:30 ഓടെ പൊലീസ് അകമ്പടിയില്‍ ആണ് ബല്‍റാം ഉദ്ഘാടനത്തിന് എത്തിയത്. എന്നാല്‍ 9:30 ഓടെ തന്നെ ഇടത് മുന്നണി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. ബല്‍റാമിനെതിരെ മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവര്‍ത്തര്‍ പൊലീസ് വാഹനത്തിന് മുകളില്‍ കയറി ബല്‍റാമിന് നേരെ ചീമുട്ട വലിച്ചെറിയുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment