ഓഖി ഫണ്ട് വകമാറ്റല്‍: മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് വിനിയോഗിച്ച നടപടിക്കെതിരെ പരിഹാസവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയ്ക്ക് വിനിയോഗിച്ച നടപടിക്കെതിരെ പരിഹാസവുമായി സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ്. ‘പാഠം 4 ഫണ്ട് കണക്ക്’ എന്ന പേരില്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ജേക്കബ് തോമസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഡിജിപി ജേക്കബ് തോമസിന്റെ പോസ്റ്റ് ഇങ്ങനെ:

ജീവന്റെ വില – 25 ലക്ഷം

അല്‍പ്പജീവനുകള്‍ക്ക് – 5 ലക്ഷം

അശരണരായ മാതാപിതാക്കള്‍ക്ക് – 5 ലക്ഷം

ആശ്രയമറ്റ സഹോദരിമാര്‍ക്ക് – 5 ലക്ഷം

ചികില്‍സയ്ക്ക് – 3 ലക്ഷം
കാത്തിരിപ്പു തുടരുന്നത് – 210 കുടുംബങ്ങള്‍
ഹെലിക്കോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് – 8 ലക്ഷം

പോരട്ടേ പാക്കേജുകള്‍!

ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് തൃശൂരിലെ സിപിഎം സമ്മേളന വേദിയില്‍നിന്നു ഹെലികോപ്റ്ററിലുള്ള മുഖ്യമന്ത്രിയുടെ യാത്രയാണ് വിവാദമായത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയായിരുന്നു ഈ യാത്ര. സിപിഎം സമ്മേളനവേദിയില്‍ നിന്നുള്ള യാത്രയ്ക്ക് എട്ടുലക്ഷം ചെലവ് വന്നെന്നാണ് കണക്കുകള്‍. ഓഖി കേന്ദ്രസംഘത്തെ കാണാനെന്നാണ് ഉത്തരവില്‍ പറയുന്ന വിശദീകരണം. ഹെലികോപ്ടര്‍ കമ്പനി ചോദിച്ചത് 13 ലക്ഷമാണെങ്കിലും വിലപേശി എട്ടുലക്ഷത്തില്‍ ഒതുക്കിയെന്നും അവകാശപ്പെടുന്നു.
ഡിസംബര്‍ 26ന് തൃശൂര്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി. ഉച്ചതിരിഞ്ഞ് തലസ്ഥാനത്ത് രണ്ട് പരിപാടികളാണുണ്ടായിരുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിന് ഓഖി കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ച, തുടര്‍ന്ന് മന്ത്രിസഭാ യോഗം. വൈകിട്ട് 4.30ന് തിരികെ പാര്‍ട്ടി സമ്മേളന വേദിയിലേക്കുള്ള പറക്കല്‍. ഈ മാസമാണ് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പണം നല്‍കുന്നതു സംബന്ധിച്ച ഉത്തരവിറക്കിയത്.
ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സാണ്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലിക്കോപ്റ്ററാണ് മുഖ്യമന്ത്രി വാടകയ്ക്ക് എടുത്തത്. തിരുവനന്തപുരം കലക്ടറുടെ കീഴിലുള്ള ദുരന്തനിവാരണ ഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്.

pathram:
Related Post
Leave a Comment