സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ; മാണിയെ തുണിപൊക്കിക്കാണിച്ചവര്‍ ഇപ്പോള്‍ മഹത്വവല്‍ക്കരിക്കുന്നു, മൂന്നാറിലെ കയ്യേറ്റങ്ങളുടെ കസ്‌റ്റോഡിയന്‍ എം.എം മണിയാണെന്നും കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍. സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഗതികെട്ട് കൂട്ടമായി ആളുകള്‍ പുറത്ത് പോവുകയാണ്. സി.പി.എമ്മിന്റെ സൗജന്യം കൊണ്ടല്ല സിപിഐ ഇവിടം വരെ എത്തിയതെന്നും സി.കെ ശശിധരന്‍ കോട്ടയത്ത് പറഞ്ഞു. കോടിയേരി എത്ര പച്ചക്കൊടി കാട്ടിയാലും കെ.എം മാണി എല്‍ഡിഎഫിലുണ്ടാകില്ലെന്നും നോട്ടെണ്ണുന്ന മാണിയുടെ മെഷീനും നിയമസഭയില്‍ പ്രതിഷേധിച്ചവരും ഇപ്പോള്‍ എവിടെയാണെന്നും ശശിധരന്‍ ചോദിച്ചു. സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മാണിക്ക് അനുകൂലമായ നിലപാട് പറഞ്ഞതിന് പിന്നാലെയാണ് സിപിഐയുടെ രൂക്ഷപ്രതികരണം.

സിപിഐയെ ഇകഴ്ത്തിയും കേരളാ കോണ്‍ഗ്രസുമായുള്ള ബന്ധത്തെ സ്വാഗതം ചെയ്തും സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു.

ജില്ലാ പഞ്ചായത്തില്‍ മാണി വിഭാഗവുമായുണ്ടാക്കിയ സഖ്യം സംസ്ഥാനത്ത് മാതൃകയാക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതേസമയം ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയതയുണ്ടായെന്ന് റിപ്പോര്‍ട്ട് സമ്മതിക്കുന്നു. കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളാണ് തീരുമാനം കൈക്കൊള്ളേണ്ടതെങ്കിലും ജില്ലാ ഘടകത്തിന്റെ അഭിപ്രായത്തിനും പ്രാധാന്യമുണ്ടെന്നിരിക്കെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. ജില്ലാ പഞ്ചായത്തില്‍ മാണി വിഭാഗവുമായുണ്ടാക്കിയ സഖ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഇത് സംസ്ഥാനത്താകെ മാതൃകയാക്കുവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളാ കോണ്‍ഗ്രസുമായുള്ള ബന്ധം സിപിഎമ്മിന് ഗുണം ചെയ്തു.

അതേസമയം, സിപിഐയുടെ ശക്തി കുറഞ്ഞെന്നും പാര്‍ട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രന്റെ ജില്ലായായിട്ടുപോലും കോട്ടയത്തെ പ്രധാന ശക്തികേന്ദ്രങ്ങളായ വൈക്കത്തുപോലും സിപിഐയ്ക്ക് പഴയ സ്വാധീനമില്ലന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല സിപിഐയുടെ ശക്തി കുറഞ്ഞ സ്ഥലങ്ങളില്‍ ബി.ജെ.പി കരുത്താര്‍ജിക്കുന്നുവെന്നും പരാമര്‍ശമുണ്ട്. ഏരിയാസമ്മേളനങ്ങളില്‍ വിഭാഗീതയുണ്ടായെന്നും പാലായിലും പുതുപ്പള്ളിയിലും ഏരിയ സെക്രട്ടിറിമാര്‍ പരാജയപ്പെട്ടതിനെക്കുറിച്ച് കമ്മീഷന്‍ അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മന്ത്രി എം.എം മണിക്കെതിരെയും ശശിധരന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. മൂന്നാറിലെ കൈയ്യേറ്റങ്ങളുടെ കസ്റ്റോഡിയന്‍ എം.എം മണിയാണെന്നും നടപടിയെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നവര്‍ പള്ളികൂടത്തില്‍ പോകാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

pathram desk 1:
Related Post
Leave a Comment