മഹാരാഷ്ട്രയില്‍ ദലിത് മറാഠ വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം പടരുന്നു,ബുധനാഴ്ച ബന്ദ്

മുംബൈ: മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ സാമുദായിക സംഘര്‍ഷം പടരുന്നു. ദലിത് മറാഠ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. അതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നു നൂറിലധികം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.സ്‌കൂളുകളും കോളജുകളും അടച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയിലെ ഹാര്‍ബര്‍ ലൈനില്‍ പ്രതിഷേധക്കാരുടെ ഉപരോധം മൂലം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച ബന്ദ് ആചരിക്കുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചു

ദേശീയപാതകള്‍ ഉപരോധിച്ചും ഗതാഗത മാര്‍ഗങ്ങള്‍ തടസ്സപ്പെടുത്തിയും പ്രതിഷേധം കനക്കുകയാണ്. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും മുംബൈ പൊലിസ് ട്വിറ്ററില്‍ കുറിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ലെന്നും പൊലിസ് അറിയിച്ചു.

ഭിമകോറിഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികം ആഘോഷിക്കുന്നവേളയിലുണ്ടായ സംഘര്‍ഷമാണ് കലാപത്തിലേക്ക് നയിച്ചത്. 1818ല്‍ ബ്രിട്ടിഷുകാരും മറാഠികളും തമ്മില്‍ നടന്ന യുദ്ധമാണ് ഭിമകോറിഗാവ് യുദ്ധം. യുദ്ധത്തില്‍ ദലിത് പട്ടാളക്കാരും പങ്കെടുത്തിരുന്നു. അന്ന് ബ്രിട്ടീഷുകാര്‍ക്കൊപ്പംനിന്ന ദലിത് പട്ടാളക്കാരുടെ വിജയദിവസമാണ് ജനുവരി ഒന്ന്. ഇന്നലെ നടന്ന ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ മറാഠ സമുദായക്കാര്‍ ആക്രമണം നടത്തിയെന്നാണ് ദലിത് വിഭാഗക്കാര്‍ പറയുന്നത്.

pathram desk 2:
Related Post
Leave a Comment