മറ്റു പ്രദേശങ്ങളിലും ജനലില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തി…! ഭീതിയോടെ ജനങ്ങള്‍

കോട്ടയം: ജനങ്ങളെ ഭീതിയിലാഴ്ത്തി നെടുംകുന്നത്തിനു പുറമെ കറുകച്ചാലിലും കറുത്ത സ്റ്റിക്കര്‍ വ്യാപിക്കുന്നു. കറുകച്ചാല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ശൂലിപ്പുറം ഇലഞ്ഞിമറ്റം കെ.ആര്‍.ശശിധരന്റെ വീടിന്റെ ജനല്‍ ചില്ലുകളിലാണ് ഇന്നലെ രാവിലെ കറുത്ത സ്റ്റിക്കറുകള്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. താഴത്തെ നിലയിലെയും രണ്ടാം നിലയിലെയും മുഴുവന്‍ ജനല്‍ ചില്ലുകളിലും സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. 15 സ്റ്റിക്കറുകളാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് ശശിധരനും കുടുംബാംഗങ്ങളും വീട്ടിലെ ജനല്‍ ചില്ലുകള്‍ പരിശോധിച്ചിരുന്നു. അന്ന് ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ കണ്ടിരുന്നില്ലെന്നു ശശിധരന്‍ പറയുന്നു. കറുകച്ചാല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വഭാവികത എന്തെങ്കിലും ഉണ്ടായാല്‍ വിവരം അറിയിക്കാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് നെടുംകുന്നം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ പാറയ്ക്കല്‍ കോളനിയില്‍ പാറയ്ക്കല്‍ പി.എം.രാജന്‍, മലമ്പാറ തെക്കേതില്‍ ജോസഫ് ജോസഫ് എന്നിവരുടെ വീടുകളിലെ ജനല്‍ ചില്ലുകളിലും പത്താം വാര്‍ഡില്‍ നെടുംകുന്നം ഭഗവതി ക്ഷേത്രം കിഴക്കേ നടയ്ക്കു സമീപം 910–ാം നമ്പര്‍ എന്‍എസ്എസ് കരയോഗ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രകാശിന്റെ ശ്രീഭദ്രാ കളരി തിരുമ്മ് ചികിത്സാലയത്തിന്റെ ജനല്‍ ചില്ലുകളിലും ഏഴാം വാര്‍ഡില്‍ ശാസ്താം കാവ് അമ്പലത്തിനു സമീപം അര്‍ജുന്‍ ഭവന്‍ സജിയുടെ വീടിന്റെ രണ്ടാം നിലയിലെ ജനല്‍ പാളികളിലും കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റിക്കര്‍ ഭീതി നിലനില്‍ക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്.

pathram:
Leave a Comment