ഡർബൻ: ഡർബനിൽ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട്. 47 പന്തിൽ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂർവനേട്ടം സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും താരം നേട്ടം കൈവരിച്ചത്
മാത്രമല്ല രാജ്യാന്തര ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു. ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവർ. 27 പന്തിൽ അർധെസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ചുറിയിലെത്താൻ എടുത്തത് വെറും 20 പന്തുകൾ മാത്രമായിരുന്നു. ഇതോടെ ക്യാപ്റ്റൻ സൂര്യകുമാറിന്റെ അതിവേഗ സെഞ്ചുറിയും പഴങ്കഥയായി. 55 പന്തിൽ സെഞ്ചുറിയിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻറെ റെക്കോർഡാണ് 47 പന്തിൽ സെഞ്ചുറിയിലെത്തി സഞ്ജു മറികടന്നത്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 202 റൺസ് അടിച്ചെടുത്തു. 50 പന്തിൽ 10 സിക്സും ഏഴ് ഫോറും പറത്തി 107 റൺസെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തിലക് വർമ 18 പന്തിൽ 33 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാൾഡ് കോയെറ്റ്സെ മൂന്ന് വിക്കറ്റെടുത്തു.
സഞ്ജുവിന്റെയും അഭിഷേകിന്റെയും തുടക്കം കരുതലോടെയായിരുന്നു. ആദ്യ രണ്ടോവറിൽ 12 റൺസ് മാത്രമാണ് ഇരുവരും നേടിയത്. രണ്ടാം ഓവർ എറിയാനെത്തിയ ഏയ്ഡൻ മാർക്രത്തിനെതിരെ ആദ്യ ബൗണ്ടറി നേടിയ സഞ്ജു കേശവ് മഹാരാജ് എറിഞ്ഞ മൂന്നാം ഓവറിൽ ഫോറും സിക്സും അടിച്ച് ഫോമിലായി. കോയെറ്റ്സി എറിഞ്ഞ നാലാം ഓവറിൽ അഭിഷേക് ശർമ മടങ്ങിയെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഞ്ജുവിനൊപ്പം ചേർന്നതോടെ ഇന്ത്യ പവർ പ്ലേയിൽ 56 റൺസിലെത്തി. സൂര്യകുമാർ 21 റൺസെടുത്ത് പുറത്തായി. തിലക് വർമ 22 റൺസും റിങ്കു സിങ് 11 റൺസുമെടുത്ത് പുറത്തായി. ബാക്കി താരങ്ങൾക്കാർക്കും രണ്ടക്കം കടക്കാനായില്ല. 2 റൺസായിരുന്നു ഹർദിക് പാണ്ഡ്യയുടെ സംഭാവന.
Leave a Comment