ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിലെ സൂപ്പർഹിറ്റ് ഗാനം “മിണ്ടാതെ” വീഡിയോ പുറത്ത്

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത്. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന “മിണ്ടാതെ” എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. യാസിൻ നിസാറും ശ്വേത മോഹനും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് വൈശാഖ് സുഗുണനാണ്. കാഴ്ചക്കാരുടെ മനസ്സുകൾ കീഴടക്കുന്ന ഒരു മെലഡിയായി ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിൽ, ദുൽഖർ സൽമാന്റെ കഥാപാത്രവും നായികാ വേഷം ചെയ്യുന്ന മീനാക്ഷി ചൗധരിയുടെ കഥാപാത്രവും തമ്മിലുള്ള മനോഹരമായ പ്രണയ നിമിഷങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 31 ന് ദീപാവലിക്കാണ് ചിത്രം ആഗോള റിലീസായെത്തുക. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്.

വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്‌സാണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ലക്കി ഭാസ്കർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ബാങ്ക് കാഷ്യറുടെ കഥാപാത്രമാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

ഹൈദരാബാദിൽ പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രം യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്നു.

ഛായാഗ്രഹണം- നിമിഷ് രവി, സംഗീത സംവിധാനം- ജി വി പ്രകാശ് കുമാർ, എഡിറ്റിംഗ്- നവീൻ നൂലി, കലാസംവിധാനം- ബംഗ്ലാൻ, പിആർഒ- ശബരി

pathram:
Related Post
Leave a Comment