‘ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ പാടി! ‘; ‘വിടുതൽ’ ഏറെ പ്രത്യേകതകളുള്ള പാട്ടെന്ന് ധീ

തെന്നിന്ത്യയിലെ ശ്രദ്ധേയ സംവിധായകൻ സന്തോഷ് നാരായണനും ഗായിക ധീയും ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിലെ ‘വിടുതൽ’ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തിലേക്ക് വരവറിയിച്ചിരിക്കുകയാണ്. ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിലെ ആദ്യ ഗാനമായ ‘വിടുതൽ’ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്റർ റിലീസിനൊരുങ്ങുന്നത്.

ഇപ്പോഴിതാ തന്‍റെ മലയാളം അരങ്ങേറ്റത്തെ കുറിച്ച് ധീ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്. ”എന്‍റെ ജീവിതത്തിൽ ആദ്യമായി ഞാൻ മലയാളത്തിൽ പാടി, എനിക്കേറെ ഇഷ്ടമായി. സന്തോഷ് നാരായണനോടൊപ്പവും ഓഫ്റോയോടൊപ്പവും ആയതിനാൽ തന്നെ ഇത് എനിക്ക് ഒത്തിരി പ്രത്യേകതകളുള്ള ഗാനമാണ്. മലയാളത്തിൽ എന്‍റെ ആദ്യ ഗാനവുമാണ്. താങ്കളുടെ ഈ മനോഹരമായ ഭാഷ പഠിപ്പിച്ചതിന് ഡാർവിൻ കുര്യാക്കോസിന് ഒത്തിരി നന്ദി, മുഹ്സിൻ പരാരിയുടെ വരികള്‍ക്കും”, ധീ കുറിച്ചിരിക്കുകയാണ്.

ലോകമാകെ തരംഗമായിമാറിയ ‘എന്‍ജോയ് എന്‍ജാമി’ കൂട്ടുകെട്ട് ആദ്യമായി മലയാളത്തിൽ എത്തിയ ഗാനം കൂടിയാണ് ‘വിടുതൽ’ എന്നതിനാൽ തന്നെ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ ഗാനം. തിരക്കഥാകൃത്തായും ഗാനരചയിതാവായും ശ്രദ്ധേയനായ മുഹ്സിൻ പരാരിയുടെ വരികള്‍ക്ക് സന്തോഷ് നാരായണൻ ഈണം നൽകി ധീയും ഓഫ്റോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദൃഢനിശ്ചയമുള്ള മനസ്സുകളേയും പോരാട്ടങ്ങളേയും ധീരതയേയും പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ട് ആസ്വാദക ഹൃദയങ്ങളിൽ ആളിപ്പടരുന്നതാണ്.

2012-ൽ ‘ആട്ടക്കത്തി’ എന്ന സിനിമയിലൂടെ സിനിമാമേഖലയിൽ തുടക്കമിട്ട സന്തോഷ് നാരായണൻ ഇതിനകം ‘പിസ’, ‘സൂധുകാവും’, ‘ജിഗർതണ്ട’, ‘ഇരൈവി’, ‘കബാലി’, ‘പരിയേറും പെരുമാൾ’, ‘വട ചെന്നൈ’, ‘ജിപ്സി’, ‘കർണൻ’, ‘സർപാട്ട പരമ്പരൈ’, ‘മഹാൻ’, ‘ദസര’, ‘ചിറ്റാ’, ‘ജിഗർതണ്ട ഡബിൾ എക്സ്’ തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ റീൽസ് ഭരിക്കുന്ന എൻജോയ് എൻജാമി, മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താൻ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിക്കുകയുണ്ടായി. അതിനാൽ തന്നെ സംഗീതമായും പശ്ചാത്തല സംഗീതമായും ഈ ടൊവിനോ ചിത്രത്തിൽ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണൻ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാൻ പ്രേക്ഷകർ ആകാംക്ഷയിലാണ്.

‍ഡാർവിൻ കുര്യാക്കോസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന പ്രത്യേകതയുമുണ്ട്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

pathram:
Related Post
Leave a Comment