വാട്‌സാപ് ഡെസ്‌ക്ടോപ്പിലേക്ക് പുതിയ ഫീച്ചര്‍

ജനപ്രിയ മെസേജിങ് സേവനമായ വാട്‌സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. വാട്‌സാപ്പിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലേക്ക് മറ്റൊരു സുരക്ഷാ ഫീച്ചര്‍ കൂടി വരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം വാട്‌സാപ് ഡെസ്‌ക്‌ടോപ് ബീറ്റാ പതിപ്പില്‍ സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ വരുമെന്നാണ്. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണെന്നും വൈകാതെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നുമാണ് കരുതുന്നത്.
ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്, വെബ്, മാക് എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാ പ്ലാറ്റ്‌ഫോമുകളിലും ജനപ്രിയ മെസേജിങ് ആപ് ലഭ്യമാണ്. ആന്‍ഡ്രോയിഡിലെയും ഐഒഎസിലെയും വാട്‌സാപ് പതിപ്പ് ബില്‍റ്റ്ഇന്‍ ലോക്ക് ഫീച്ചറുമായാണ് വരുന്നത്. ഇതിലൂടെ വാട്‌സാപ് ഓപ്പണ്‍ ചെയ്യുന്നതിനുള്ള പാസ്‌വേഡായി വിരലടയാളമോ ഫേസ് ഐഡിയോ സജ്ജീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. എന്നാല്‍, വെബ്/ഡെസ്‌ക്‌ടോപ്പ് പതിപ്പുകളില്‍ ഇത് ലഭ്യമല്ല.

നിലവില്‍ സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ വെബ്/ഡെസ്‌ക്‌ടോപ്പ് പതിപ്പിലേക്കും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്‌സാപ്. വാബീറ്റാഇന്‍ഫോ പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടില്‍ പുതിയ ഫീച്ചറുകള്‍ കാണാം. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ ഡെസ്‌ക്ടോപ്പില്‍ വാട്‌സാപ് ഓപ്പണ്‍ ചെയ്യാന്‍ ഉപയോക്താവിന് പാസ്‌വേഡ് നല്‍കേണ്ടിവരും. ഇതൊരു ഓപ്ഷണല്‍ ഫീച്ചറായിരിക്കുമെന്നാണ് കരുതുന്നത്.

ആപ്പിലെ സെറ്റിങ്‌സ് ഓപ്ഷനുകള്‍ക്ക് കീഴില്‍ ഇതും ഉള്‍പ്പെടുത്തിയേക്കാം. ഒരിക്കല്‍ ആക്ടിവേറ്റ് ചെയ്താല്‍ വാട്‌സാപ് മെസേജുകള്‍ക്കും മറ്റു ഫയലുകള്‍ക്കും കൂടുതല്‍ നിയന്ത്രണം ലഭിക്കും. വാട്‌സാപ്പുമായി പാസ്‌വേഡ് ഷെയര്‍ ചെയ്യില്ലെന്നും എല്ലായ്‌പ്പോഴും ലോക്കലായി സേവ് ചെയ്യപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാസ്‌വേഡ് മറന്നുപോയാല്‍, ഡിവൈസിലെ ഝഞ കോഡുമായി ലിങ്ക് ചെയ്ത് ആപ്പില്‍ നിന്ന് ലോഗ് ഔട്ട് ചെയ്ത് വാട്‌സാപ് ഡെസ്‌ക്‌ടോപ്പിലേക്ക് വീണ്ടും ലോഗിന്‍ ചെയ്യേണ്ടിവരും.

pathram:
Related Post
Leave a Comment