വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി.

250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ സംഘങ്ങളായി വേഷമിട്ടായിരുന്നു. ഇതിനായി 120 വാഹനങ്ങളും ഉപയോഗിച്ചു. വിവാഹ സംഘമാണെന്ന് തോന്നിക്കാനുള്ള കെട്ടും മട്ടുമെല്ലാം വാഹനങ്ങളില്‍ ഒരുക്കുകയും ചെയ്തിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടു തന്നെ ആര്‍ക്കും സംയവുമുണ്ടായിരുന്നില്ല.

2000-ല്‍ ഇറങ്ങിയ സല്‍മാന്‍ഖാന്‍ ചിത്രം ദുല്‍ ഹം ലെ ജായേംഗെ യുടെ ടൈറ്റില്‍ പോലും പല വാഹനങ്ങളിലുമുണ്ടായിരുന്നു. വരനെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പലരും ഈ ടൈറ്റില്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഓരോ വാഹനവും പ്രത്യേകം പ്രത്യേകം എത്തിയത് കൊണ്ട് ആര്‍ക്കും റെയ്ഡിന്റെ ഒരു വിവരവും ചോര്‍ത്തിക്കിട്ടിയില്ലെന്നതാണ് വസ്തുത. സ്റ്റീല്‍ വസ്ത്ര റിയല്‍ എസ്റ്റേറ്റ് വ്യവസായം നടത്തുന്ന സംഘത്തിന്റെ വെയര്‍ഹൗസ്, ഫാം ഹൗസ് തുടങ്ങിയിവിടങ്ങളിലെല്ലാം അരിച്ചുപെറുക്കിയാണ് പരിശോധന നടത്തിയത്. ഒടുവില്‍ കിട്ടിയത് 56 കോടി രൂപയും, 32 കോടി വിലമതിക്കുന്ന സ്വര്‍ണവും, 14 കോടി വിലമതിക്കുന്ന വജ്രവും ഉള്‍പ്പെടെ 390 കോടിയുടെ അനധികൃത സ്വത്ത്.

ഇത്രയും വിശാലമായ പദ്ധതി തയ്യാറാക്കിയത് 13 മണിക്കൂര്‍ നീണ്ട് നിന്ന റെയ്ഡിനെ വലിയ രീതിയില്‍ സഹായിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 250 ഉദ്യോഗസ്ഥരെ അഞ്ച് സംഘമായി തിരിച്ചായിരുന്നു പരിശോധന.

pathram:
Leave a Comment