ജിയോയ്ക്ക് വൻ തിരിച്ചടി; നഷ്ടപ്പെട്ടത് 1.9 കോടി വരിക്കാരെ, നേട്ടം എയര്ടെല്ലിന്

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് വൻ തിരിച്ചടി. പുതിയ വരിക്കാരെ ചേർക്കുന്നതിൽ ജിയോ ആദ്യമായാണ് തിരിച്ചടി നേരിടുന്നത്. മൊത്തം വരിക്കാരുടെ എണ്ണത്തിൽ ഇപ്പോഴും ജിയോ തന്നെയാണ് മുന്നിൽ. എന്നാൽ, സെപ്റ്റംബറിൽ ജിയോയ്ക്ക് നഷ്ടപ്പെട്ടത് 1.9 കോടി വരിക്കാരെയാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 1.1 കോടി വരിക്കാരെയും നഷ്ടപ്പെട്ടിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം സെപ്റ്റംബറിൽ ജിയോയ്ക്ക് 1.9 കോടി ഉപയോക്താക്കളെ നഷ്ടപ്പെട്ടു എന്നാണ്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 42.48 കോടിയായി താഴ്ന്നു.

അതേസമയം, ഭാരതി എയർടെൽ 2.74 ലക്ഷം പുതിയ വയർലെസ് ഉപഭോക്താക്കളെ സ്വന്തമാക്കുകയും ചെയ്തു. എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.44 കോടിയായി. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 10.77 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ വി യുടെ മൊത്തം വരിക്കാരുടെ എണ്ണം 26.99 കോടിയായി. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബി‌എസ്‌എൻ‌എൽ) സെപ്റ്റംബറിൽ 8.72 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ ബി‌എസ്‌എൻ‌എലിന്റെ മൊത്തം വരിക്കാർ 11.33 കോടിയുമായി.

മൊത്തം വയർലെസ് വരിക്കാർ സെപ്റ്റംബർ അവസാനത്തോടെ 1,16.67 കോടിയായി താഴ്ന്നു. പ്രതിമാസ വളർച്ചാ നിരക്ക് –1.69 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയിൽ പറയുന്നു. നഗരപ്രദേശങ്ങളിലെ സജീവ വയർലെസ് വരിക്കാരുടെ എണ്ണം ഓഗസ്റ്റിലെ 67.13 കോടിയിൽ നിന്ന് സെപ്റ്റംബർ അവസാനത്തിൽ 65.90 കോടിയായി താഴ്ന്നു. ഗ്രാമീണ മേഖലകളിൽ വയർലെസ് വരിക്കാർ ഓഗസ്റ്റിലെ 53.82 കോടിയിൽ നിന്ന് സെപ്റ്റംബറിൽ 53 കോടിയായി താഴ്ന്നിട്ടുണ്ട്. നഗര, ഗ്രാമീണ വയർലെസ് വരിക്കാരുടെ മൊത്തം പ്രതിമാസ ഇടിവ് നിരക്ക് യഥാക്രമം 1.82 ശതമാനവും 1.53 ശതമാനവുമാണെന്ന് ട്രായ് ഡേറ്റ കാണിക്കുന്നു.

മൊത്തം വയർലെസ് വരിക്കാരിൽ (1,166.02 ദശലക്ഷം) 995.67 ദശലക്ഷം പേർ സെപ്റ്റംബറിൽ പീക്ക് വിസിറ്റർ ലൊക്കേഷൻ റജിസ്റ്റർ (വിഎൽആർ) സമയത്ത് സജീവമായിരുന്നു. സജീവ വയർലെസ് വരിക്കാരുടെ അനുപാതം മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിന്റെ 85.39 ശതമാനമാണെന്നും ട്രായ് റിപ്പോർട്ടിൽ പറയുന്നു. ജിയോയുടെ മൊത്തം വരിക്കാരിൽ (42.48 കോടി) 35.53 കോടി പേർ മാത്രമാണ് വിഎൽആർ സമയത്ത് സജീവമായിരുന്നത്. എന്നാൽ, എയർടെലിന്റെ മൊത്തം വരിക്കാരിൽ (35.44 കോടി) 34.68 കോടി പേരും സജീവമായിരുന്നു.

സെപ്റ്റംബറിൽ 10.10 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എംഎൻപി) അപേക്ഷ സമർപ്പിച്ചു. ഓഗസ്റ്റിലെ 62.81 ദശലക്ഷത്തിൽ നിന്ന് സെപ്റ്റംബറിൽ 638.25 ദശലക്ഷമായി വർധിച്ചു.

pathram:
Related Post
Leave a Comment