ടി20 ലോകകപ്പ്; ഒരു ഇന്നിങ്‌സിനിടയില്‍ രണ്ടര മിനിറ്റ് ഇടവേള; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ…

ടി20 ലോകകപ്പില്‍ ഓരോ ഇന്നിംഗ്‌സിനിടയിലും രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ഇടവേളയുണ്ടാവുമെന്ന് ഐസിസി അറിയിച്ചു. ഐപിഎലില്‍ ഒരു ഇന്നിംസ്ഗില്‍ രണ്ട് ഇടവേളകളുണ്ട്. ഐപിഎലില്‍ ഇത് ‘സ്ട്രറ്റേജിക്ക് ബ്രേക്ക്’ ആണെങ്കില്‍ ലോകകപ്പില്‍ ഇത് ‘ഡ്രിങ്ക്‌സ് ബ്രേക്ക്’ ആണ്. ഓരോ ഇന്നിംഗ്‌സിന്റെയും പത്താം ഓവറിലാവും ഇടവേള.

ടി-20 ലോകകപ്പ് ജേതാക്കൾക്ക് സമ്മാനത്തുകയായി ലഭിക്കുക 12 കോടി രൂപയാണ്. ഫൈനലിൽ പരാജയപ്പെടുന്ന റണ്ണേഴ്സ് അപ്പിന് 6 കോടി രൂപ ലഭിക്കും. സെമിഫൈനലിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 3 കോടി രൂപ വീതമാണ് ലഭിക്കുക. ആകെ 42 കോടി രൂപയാണ് ടൂർണമെൻ്റിൻ്റെ സമ്മാനത്തുക. രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി.

സൂപ്പർ 12ലെ ഓരോ വിജയത്തിനും 30 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. ഈ ഘട്ടത്തിൽ പുറത്താവുന്ന ടീമുകൾക്ക് 52 ലക്ഷം രൂപ വീതം ലഭിക്കും. യോഗ്യതാ മത്സരങ്ങളിലെ വിജയങ്ങൾക്കും യോഗ്യതാ ഘട്ടത്തിൽ പുറത്താവുന്ന നാല് ടീമുകൾക്കും 30 ലക്ഷം രൂപ വീതം ലഭിക്കും.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.

pathram:
Leave a Comment