യുവാവിന്റെ മൃതദേഹം ചതുപ്പില്‍: ദുരൂഹതയുണ്ടെന്ന് പോലീസ്

വീട്ടില്‍ നിന്ന് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ട വെട്ടിപ്രം മോടിപ്പടി കുമ്പാങ്ങല്‍ കെ.കെ. മഹീന്ദ്ര(37)നെയാണ് വെട്ടിപ്രം സുബല പാര്‍ക്കിന് സമീപമുള്ള ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടര ദിവസത്തെ പഴക്കം തോന്നിക്കും. ചതുപ്പില്‍ മുഖം കുത്തിയ നിലയിലായിരുന്നു മൃതദേഹം. കൈകള്‍ തിരിഞ്ഞ് ഇരിക്കുകയാണ്.

കഴിഞ്ഞ 18 ന് രാവിലെ സമീപത്തുള്ള റേഷന്‍ കട ഉടമ കിറ്റ് വാങ്ങുന്നതിനായി മഹീന്ദ്രനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ഉച്ച കഴിഞ്ഞ് 2.30 വരെ കട തുറന്നിരുന്നുവെങ്കിലും ഇയാള്‍ കിറ്റിനായി എത്തിയിരുന്നില്ലെന്ന് കടയുടമ പറഞ്ഞു. റേഷന്‍ കടയിലേക്കെന്ന് പറഞ്ഞാണ് മഹീന്ദ്രന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് സഹോദരിയും പറയുന്നു.

മൃതദേഹം കാണപ്പെട്ട സ്ഥലവും കിടന്നതിലെ അസ്വാഭാവികതയും ദുരൂഹത വര്‍ധിപ്പിക്കുന്നത്. ചതുപ്പില്‍ മുങ്ങി മരിക്കാനുള്ള സാധ്യത കുറവാണ്. ഉള്ളിലേക്ക് മാറിയാണ് മൃതദേഹം കിടന്നത്. അവിടെ വരെ ഇയാള്‍ക്ക് പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

അവിവാഹിതനായ മഹീന്ദ്രന്‍ ഡി.എച്ച്.ആര്‍.എം സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കൊലപാതകമാണോ എന്ന് അറിയാന്‍ കഴിയൂവെന്നാണ് പോലീസ് പറയുന്നത്.

pathram desk 1:
Leave a Comment