എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ചോദ്യംചെയ്യല്‍ മുറികളിലും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ചോദ്യംചെയ്യല്‍ മുറികളിലും സിസിടിവി ക്യാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. സി.ബി.ഐ, എന്‍.ഐ.എ, ഇ.ഡി. തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഇതു ബാധകമാണെന്നും കോടതി വ്യക്തമാക്കി.

പഞ്ചാബിലെ വിവാദമായ കസ്റ്റഡി മര്‍ദനക്കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ സുപ്രധാന ഉത്തരവ്. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപിക്കണം. ഇതിനായി രാത്രി കാഴ്ച സംവിധാനമുള്ള സിസി ടിവികള്‍ ഉപയോഗിക്കണം. ചോദ്യംചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഇടനാഴികള്‍, ഇന്‍സ്‌പെക്ടര്‍മാരുടെ മുറികള്‍ എന്നിവിടങ്ങളില്‍ ഓരോയിടത്തും ക്യാമറകള്‍ വേണമെന്നും ഉത്തരവില്‍ പറയുന്നു. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 21ാം വകുപ്പ് പ്രകാരമാണ് കോടതി ഉത്തരവ്.

മിക്കവാറും എല്ലാ അന്വേഷണ ഏജന്‍സികളും അവരുടെ ഓഫീസുകളിലാണ് ചോദ്യംചെയ്യല്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും ചോദ്യംചെയ്യല്‍ നടക്കുന്ന ഇടങ്ങളിലും കുറ്റാരോപിതരെ ഇരുത്തുന്ന ഇടങ്ങളിലും സിസിടിവി ക്യാമറകള്‍ ഉണ്ടായിരിക്കണം. നര്‍ക്കോട്ടിക് ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കയിട്ടുണ്ട്. തെളിവായി ഉപയോഗിക്കുന്നതിന് ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ 18 മാസംവരെ സൂക്ഷിക്കണം. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ക്യാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച 2018 ലെ ഉത്തരവ് ഇതുവരെ പാലിക്കപ്പെടാത്തതില്‍ കോടതി നീരസം അറിയിക്കുകയും ചെയ്തു.

pathram:
Leave a Comment