സ്റ്റോയ്നിസിന് അര്‍ധസെഞ്ചുറി; ഡൽഹിക്കെതിരെ ബാംഗ്ലൂരിന് 197 റൺസ് വിജയലക്ഷ്യം

ദുബായ്: ഐ പിഎല്ലില് ഡൽഹി ക്യാപിറ്റൽസിനെതിരെ ബാംഗ്ലൂർ റോയല്‍ ചാലഞ്ചേഴ്സിന് 197 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. ഡൽഹിക്കായി ഓൾ റൗണ്ടർ മാർകസ് സ്റ്റോയ്നിസ് (26 പന്തിൽ 53) അര്‍ധ സെഞ്ചുറി നേടി. പൃഥ്വി ഷാ (23 പന്തിൽ 42), ശിഖർ ധവാൻ (28 പന്തിൽ 32), ഋഷഭ് പന്ത് (25 പന്തിൽ 37) എന്നിവരും തിളങ്ങി.

ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലി ഡൽഹിയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടുകെട്ടാണ് പൃഥ്വി ഷായും ശിഖര്‍ ധവാനും ചേർന്ന് കെട്ടിപ്പടുത്തത്. 23 പന്തിൽ 42 റൺസെടുത്ത് പൃഥ്വി ഷാ പുറത്തായി. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ എബി ‍ഡി വില്ലിയേഴ്സിന് ക്യാച്ച് നൽകിയായിരുന്നു ഷായുടെ മടക്കം. അധികം വൈകാതെ ശിഖർ ധവാനും പുറത്തായി. 28 പന്തിൽ 32 റണ്‍സെടുത്ത ധവാനെ ഇസുരു ഉഡാന മൊയീൻ അലിയുടെ കൈകളിലെത്തിച്ചു.

ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഫീൽഡിങ്ങാണ് ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പുറത്താകലിലേക്കു നയിച്ചത്. മൊയീൻ അലിയുടെ പന്ത് സിക്സ് ലക്ഷ്യമിട്ട് അയ്യർ അടിച്ചു പറത്തിയപ്പോൾ ബൗണ്ടറി ലൈനിൽനിന്ന് ദേവ്ദത്ത് അതു പിടിച്ചെടുത്തു. ഇതോടെ ഡൽഹി 11.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 90 റണ്‍സെന്ന നിലയിലായി.

ഋഷഭ് പന്തും മാർകസ് സ്റ്റോയ്നിസും ചേർന്ന് ഡൽഹി സ്കോർ 150 കടത്തി. 19–ാം ഓവറിൽ ഡൽഹിക്കു നാലാം വിക്കറ്റ് നഷ്ടമായി. 25 പന്തിൽ 37 റൺസെടുത്ത ഋഷഭ് പന്ത് മുഹമ്മദ് സിറാജിന്റെ പന്തിൽ ബൗൾഡായി. 24 പന്തുകളിൽനിന്ന് സ്റ്റോയ്നിസ് അര്‍ധസെഞ്ചുറി തികച്ചു. രണ്ട് സിക്സും ആറ് ഫോറുകളുമാണു താരം നേടിയത്. 7 പന്തില്‍ 11 റൺസുമായി ഷിംറോൺ ഹെറ്റ്മെയറും പുറത്താകാതെനിന്നു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടും മൊയീൻ അലി, ഇസുരു ഉഡാന എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീം– ദേവ്ദത്ത് പടിക്കൽ, ആരൺ ഫിഞ്ച്, വിരാട് കോലി, എബി ഡി വില്ലിയേഴ്സ്, മൊയീൻ അലി, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, ഇസുരു ഉഡാന, നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, യുസ്‍വേന്ദ്ര ചെഹൽ

ഡൽഹി ക്യാപിറ്റൽസ് ടീം– പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഷിംറോൺ ഹെറ്റ്മെയർ, മാര്‍കസ് സ്റ്റോയ്നിസ്, ഹർഷാൽ പട്ടേൽ, ആർ. അശ്വിൻ, കഗിസോ റബാദ, അമിത് മിശ്ര, ആന്‍‌‍റിച്ച് നോർദെ, അക്സർ പട്ടേൽ.

pathram desk 1:
Related Post
Leave a Comment