താമസിച്ച ഹോട്ടലിലെ സൗകര്യങ്ങളെച്ചൊല്ലി തർക്കം; റെയ്ന ടീമുമായി പിണങ്ങിപ്പിരിഞ്ഞു?

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം സീസണിനായി യുഎഇയിലെത്തിയശേഷം ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന അപ്രതീക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാൻ കാരണം താമസ സ്ഥലത്തെ ചൊല്ലിയുള്ള തർക്കമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്സ് ഉടമ എൻ. ശ്രീനിവാസൻ തന്നെയാണ് ഇത്തരമൊരു സൂചന നൽകിയത്. ദുബായിൽ എത്തിയശേഷം താമസത്തിന് ഒരുക്കിയ ഹോട്ടൽ റൂമിലെ സൗകര്യങ്ങളിൽ റെയ്ന അതൃപ്തനായിരുന്നുവെന്നാണ് വിവരം. ക്യാപ്റ്റൻ എം.എസ്. ധോണിയുടേതു പോലുള്ള റൂം വേണമെന്ന റെയ്നയുടെ താൽപര്യം ടീം മാനേജ്മെന്റ് വകവച്ചു കൊടുക്കാതിരുന്നതാണ് നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദുബായിൽ ക്വാറന്റീനിൽ കഴിയാൻ തനിക്കായി ഒരുക്കിയ സംവിധാനങ്ങളെച്ചൊല്ലി ക്യാപ്റ്റൻ ധോണിയുമായും സിഎസ്കെ ടീം മാനേജ്മെന്റുമായും റെയ്നയ്ക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെന്ന് ടീം ഉടമ എൻ. ശ്രീനിവാസനെ ഉദ്ധരിച്ച് ‘ഔട്ട്ലുക്ക്’ മാസികയാണ് റിപ്പോർട്ട് ചെയ്തത്. റെയ്നയുടെ ഉറ്റ സുഹൃത്തു കൂടിയായ ധോണി അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ‘ബയോ സെക്യുർ ബബ്ളി’നുള്ളിലെ ജീവിതവും റെയ്നയെ ബാധിച്ചിരുന്നു. തുടർന്നാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഐപിഎല്ലിനായി ഈ മാസം 21നാണ് സുരേഷ് റെയ്ന ഉൾപ്പെട്ട ചെന്നൈ സൂപ്പർ കിങ്സ് സംഘം ദുബായിൽ എത്തിയത്. തുടർന്ന് നിയമപ്രകാരം ഒരാഴ്ച ക്വാറന്റീനിൽ കഴിയുന്നതിനായി ടീമംഗങ്ങൾക്ക് ഹോട്ടലിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ക്വാറന്റീനൽ കാലയളവിൽ നടത്തിയ കോവിഡ് പരിശോധനയിൽ രണ്ട് താരങ്ങൾക്ക് ഉൾപ്പെടെ ചെന്നൈ സംഘത്തിലെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പേസ് ബോളർ ദീപക് ചാഹർ ഉൾപ്പെടെയുള്ളവർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിറ്റേന്ന് യുവതാരം ഋതുരാജ് ഗെയ്‍ക്‌വാദിനും കോവിഡ് സ്ഥിരീകരിച്ചു.

ഇതിനിടെയാണ് ആരാധകരെ ഞെട്ടിച്ച് 29ന് സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്നയുടെ മടക്കമെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ തന്നെയാണ് ട്വിറ്ററിലൂടെ പരസ്യമാക്കിയത്. ‘വ്യക്തിപരമായ കാരണങ്ങളാൽ സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിപ്പോയി. ഇത്തവണ ഐപിഎല്ലിൽ അദ്ദേഹത്തിന്റെ സേവനമുണ്ടാകില്ല. ഈ ഘട്ടത്തിൽ സുരേഷ് റെയ്നയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ചെന്നൈ സൂപ്പർ കിങ്സ് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നു’ – ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ ട്വീറ്റ് ചെയ്തു.

തുടർന്ന് റെയ്നയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒട്ടേറെ താരങ്ങളും കമന്റേറ്റർമാരും ആരാധകരും രംഗത്തെത്തി. പഞ്ചാബിലെ പഠാൻകോട്ടിൽ റെയ്നയുടെ ഉറ്റ ബന്ധുക്കൾക്കെതിരെ നടന്ന ആക്രമണമാണ് താരത്തിന്റെ അപ്രതീക്ഷിത മടക്കത്തിനു കാരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, റെയ്നയും സംഘവും യുഎഇയിലേക്ക് തിരിക്കുന്നതിനും രണ്ടു ദിവസം മുൻപായിരുന്നു ഈ ആക്രമണമെന്ന് പിന്നീട് വ്യക്തമായി.

ടീമിൽ കോവിഡ് വ്യാപിക്കുന്നതിലെ ആധി നിമിത്തമാണ് മടക്കമെന്ന് അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ച് പിറ്റേന്ന് റിപ്പോർട്ടുകൾ വന്നു. ചാനൽ മേധാവി കൂടിയായ അജയ് സേഥി ഗൾഫ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ദുബായിലെത്തിയതു മുതൽ റെയ്ന ആശങ്കാകുലനായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

pathram desk 1:
Leave a Comment