ധോണിയെ ദി ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് ക്ഷണിച്ച് ഷെയിൻ വോൺ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിയെ ദി ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് ക്ഷണിച്ച് ഷെയിൻ വോൺ. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിൻ്റെ പരീക്ഷണ ടൂർണമെൻ്റായ ദി ഹൺഡ്രഡ് ക്രിക്കറ്റിൽ കളിക്കുന്ന ലണ്ടന്‍ സ്പിരിറ്റിന്റെ പരിശീലകനാണ് ഷെയിൻ വോണ്‍. തൻ്റെ ടീമിൽ കളിക്കാനാണ് അദ്ദേഹം ധോണിയെ ക്ഷണിച്ചിരിക്കുന്നത്.

“ദി ഹൺഡ്രഡിനു വേണ്ടി അടുത്ത വർഷം ലണ്ടൻ സ്പിരിറ്റിൽ അദ്ദേഹത്തെ എത്തിക്കാൻ കഴിയുമോ എന്ന് ഞാൻ ആലോചിക്കുകയാണ്. ലോർഡ്സിൽ കളിക്കാൻ താത്പര്യമുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കണം. ഞാൻ പണം കണ്ടെത്താം എംഎസ്. ടി-20 ക്രിക്കറ്റിൽ മികച്ച ക്യാപ്റ്റന്മാരുടെ ടീമുകൾ എല്ലായ്പ്പോഴും ഫൈനലുകളിൽ ഉണ്ടാവും. അതുകൊണ്ടാണ് ചെന്നൈ ഐപിഎൽ കിരീടം മൂന്നു തവണ സ്വന്തമാക്കിയത്. വളരെ മികച്ച ഒരു ക്രിക്കറ്ററാണ് അദ്ദേഹം. അദ്ദേഹം ഇന്ത്യക്കായി നിരവധി മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നായകത്വത്തെപ്പറ്റി ചിന്തിച്ചാൽ, മികച്ച ഒരു പോരാളിയും ഒന്നാംതരം കളിക്കാരനുമാണ്. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളെന്ന നിലയിലാണ് ചരിത്രം അദ്ദേഹത്തെ ഓർമ്മിക്കുക. തൻ്റെ സമചിത്തത കൊണ്ട് ഇന്ത്യക്ക് ആയാലും ചെന്നൈ സൂപ്പർ കിംഗ്സിന് ആയാലും അദ്ദേഹം നല്ലതേ ചെയ്തിട്ടുള്ളൂ.”- ഇംഗ്ലണ്ട്-പാകിസ്താൻ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ കമൻ്ററിക്കിടെ വോൺ പറഞ്ഞു.

ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ദി ഹൺഡ്രഡ് ക്രിക്കറ്റിൽ 100 പന്തുകളുള്ള രണ്ട് ഇന്നിംഗ്സുകളാണ് ഉണ്ടാവുക. എട്ട് ടീമുകൾ അടങ്ങുന്ന ടൂർണമെൻ്റ് അടുത്ത വർഷമാണ് നടക്കുക. ഈ വര്‍ഷം ജൂണിൽ നടത്താനിരുന്ന ടൂര്‍ണമെന്റ് കൊവിഡ് വ്യാപനത്തെ തുടർന്ന് 2021ലേക്ക് മാറ്റുകയായിരുന്നു.

pathram desk 1:
Leave a Comment