ശിവശങ്കർ എൻ‌ഐഎ ഓഫിസിൽ; ചോദ്യംചെയ്യൽ ഉടൻ ആരംഭിക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെ തിരുവന്തപുരത്തുനിന്ന് തിരിച്ച ശിവശങ്കർ ഒമ്പതരയോടെയാണ് കൊച്ചിയിലെത്തിയത്.

എന്‍ഐഎ ആസ്ഥാനത്തെ പ്രത്യേക മുറിയിലാണ് ചോദ്യംചെയ്യല്‍. നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ ശ്രമം. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കും മുന്‍പാണ് ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍. ദൃശ്യങ്ങൾ നല്‍കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചെങ്കിലും വാങ്ങാന്‍ എന്‍ഐഎ എത്തിയില്ല.

രാഷ്ട്രീയ കേരളത്തെ പിടിച്ചുലയ്ക്കാവുന്ന നിരവധി ചോദ്യങ്ങളാവും ശിവശങ്കറിനെ കാത്തിരിക്കുന്നത്. നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിനു പുറമേ സ്പ്രിൻക്ലർ ഡേറ്റ ചോർച്ച, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) കരാറുകൾ തുടങ്ങിയവയും എൻഐഎ ചോദ്യാവലിയിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.

ഇവയ്ക്കുള്ള മറുപടികൾ സ്വർണത്തിനപ്പുറത്തേക്കുള്ള അന്വേഷണത്തിനു വഴിതുറക്കുമോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. അതിനിടെ, കേസിലെ സൂത്രധാരൻ കെ.ടി. റമീസ് 2019ൽ 6 തോക്ക് കടത്തിയ കേസ് പുനരന്വേഷിക്കാനുള്ള നടപടികളും എൻഐഎ ആരംഭിച്ചു.

സ്വർണക്കടത്തു കേസിൽ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറും എൻഐഎ 5 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇന്നു കൊച്ചി ഓഫിസിലെത്താൻ നിർദേശിച്ചത്. യുഎപിഎ കേസിൽ (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻഐഎ ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് ആദ്യമാണ്.

സംസ്ഥാന സർക്കാരിനു വേണ്ടി ശിവശങ്കർ ചെയ്ത ജോലികൾ, സ്വർണക്കടത്തു കേസിലെ പ്രതികളുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കാൻ വഴിയൊരുക്കിയ സാഹചര്യം, പ്രതികളായ പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കു നൽകിയ സഹായങ്ങൾ, വിദേശത്തും സ്വദേശത്തും ഇവർ വഴി പരിചയപ്പെട്ട ആളുകൾ, ശിവശങ്കർ നടത്തിയ വിദേശയാത്രകളുമായി ഇവർക്കുള്ള ബന്ധം എന്നിവ സംബന്ധിച്ച വിശദമായ ചോദ്യാവലിയാണ് തയാറാക്കിയത്. സ്വർണക്കടത്തു കേസിലെ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലാണ് എൻഐഎ അന്വേഷിക്കുന്നത്.

ചോദ്യംചെയ്യലിനൊടുവിൽ ശിവശങ്കർ പ്രതിചേർക്കപ്പെട്ടാൽ മുഖ്യമന്ത്രിയുടെ രാജിക്കുള്ള മുറവിളി ശക്തമാകും. യുഡിഎഫും ബിജെപിയും കൂടുതൽ പ്രക്ഷോഭങ്ങളിലേക്കിറങ്ങും. പ്രതിചേർക്കപ്പെടാതെ, തുടർ ചോദ്യം ചെയ്യലുകൾക്ക് കൊച്ചിയിൽ തങ്ങാൻ നിർദേശിച്ചാൽ പോലും എൽഡിഎഫിനു നെഞ്ചിടിപ്പുയരും. മടങ്ങാൻ അനുവദിച്ചാൽ തൽക്കാലത്തേക്കെങ്കിലും എൽഡിഎഫിനു ന്യായീകരിച്ചുനിൽക്കാനുള്ള അവസരവുമാകും.

pathram desk 1:
Related Post
Leave a Comment