ഉടമസ്ഥ മരിച്ചതിനു പിന്നാലെ മനംനൊന്ത് നായ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

ലക്‌നൗ : തന്നെ ഓമനിച്ചു വളര്‍ത്തിയ ഉടമസ്ഥ മരിച്ചതിനു പിന്നാലെ മനംനൊന്ത് നായ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്.

പന്ത്രണ്ടുവര്‍ഷം മുന്‍പാണ് അതീവഗുരുതരാവസ്ഥയില്‍ പുഴുക്കള്‍ അരിച്ചനിലയില്‍ നായക്കുട്ടിയെ ഡോ. അനിത രാജ് സിങ്ങിനു ലഭിക്കുന്നത്. അതിനെ മാലിക്പുരത്തെ തന്റെ വീട്ടിലെത്തിച്ച് അനിത വൃത്തിയായി പരിപാലിച്ചു. പൂര്‍ണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിയതോടെ നായയെ അവര്‍ ജയ എന്നുപേരിട്ട് അഡോപ്റ്റ് ചെയ്യുകയായിരുന്നു.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി അനിത ചികില്‍സയിലായിരുന്നു. ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച മരിക്കുകയും ചെയ്തു. അനിതയുടെ മൃതദേഹം വീട്ടിലെത്തിച്ചതോടെ ജയ വല്ലാതെ കുരയ്ക്കുകയും അസ്വസ്ഥത കാട്ടുകയും ചെയ്തിരുന്നു. അനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ജയ ഭക്ഷണം പോലും കഴിക്കാറുണ്ടായിരുന്നില്ലെന്ന് അനിതയുടെ മകന്‍ തേജസ് പറഞ്ഞു.

അനിതയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ജയ അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് താഴേക്കു ചാടുകയായിരുന്നു. നായ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

follow us pathram online

pathram:
Leave a Comment