കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത വ്യവസായി

ന്യൂഡല്‍ഹി: കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത വ്യവസായി. ഇതിനു വേണ്ടി ഇയാള്‍ വാടകയ്‌ക്കെടുത്തതു പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 4 കൊലയാളികളെ. ഡല്‍ഹി ഐപി എക്‌സ്റ്റന്‍ഷന്‍ സ്വദേശി ഗൗരവ് ബന്‍സാലിന്റെ (40) മരണത്തിനു പിന്നിലെ നാടകീയ സംഭവങ്ങള്‍ ഡല്‍ഹി പൊലീസാണു ചുരുളഴിച്ചത്. കുടുംബത്തിന് ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ വേണ്ടിയാണ് ഇയാള്‍ സംഭവം ആസൂത്രണം ചെയ്തതെന്നാണു വിവരം. ആത്മഹത്യ ചെയ്യാന്‍ ഭയമായതിനാല്‍ കൊല നടത്താന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണു സംഘത്തെ ഒരുക്കിയത്.

ഈ മാസം 10നാണു രന്‍ഹോളയില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ ഗൗരവ് ബന്‍സാലിന്റെ ശരീരം കണ്ടെത്തിയത്. കട്കട്ഡൂമയിലെ കടയില്‍ ജൂണ്‍ 9നു പോയ ഇദ്ദേഹം മടങ്ങിവന്നില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ മൊഴി. 9നു രാത്രി കുടുംബാംഗങ്ങള്‍ ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 10നു രാവിലെ 8.3നു രന്‍ഹോളയിലെ കായലിനു സമീപത്തു മരത്തില്‍ തൂങ്ങിയ നിലയില്‍ ശരീരം കണ്ടെത്തി. ആത്മഹത്യയല്ലെന്ന് ആദ്യം തന്നെ സംശയമുയര്‍ന്നിരുന്നു. മരത്തില്‍ തൂങ്ങാന്‍ 2 പേരുടെയെങ്കിലും സഹായം വേണമെന്നതായിരുന്നു നിഗമനം. കൈകള്‍ കയര്‍ ഉപയോഗിച്ചു കെട്ടിയിരുന്നു.

ബന്‍സാലിന്റെ ബിസിനസ് നഷ്ടത്തിലായിരുന്നെന്നും വലിയ ബാധ്യതയുണ്ടായിരുന്നെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പലിശക്കാരുടെ കയ്യില്‍ നിന്നു വാങ്ങിയ പണം തിരികെ കൊടുക്കാനും സാധിച്ചിരുന്നില്ല. ഭാര്യാ സഹോദരനൊപ്പം മറ്റൊരു ബിസിനസും ആരംഭിച്ചെങ്കിലും ശോഭിച്ചില്ല. അടുത്തകാലത്ത് പലചരക്കു വ്യാപാരവും ആരംഭിച്ചു. എല്‍ഐസി ഏജന്റായിരുന്നു ഭാര്യ. സാമ്പത്തിക ഞെരുക്കം കാരണം ഇയാള്‍ ഭാര്യയ്‌ക്കൊപ്പം പോളിസികള്‍ വില്‍ക്കാനും പോയിരുന്നു. ഇതിനിടെ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകാരുടെ ഇരയായി 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇത് മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ കാരണമായി.

വിഷാദത്തിനു ചികിത്സയും തേടിയിരുന്നു. ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുക കുടുംബത്തിനു ലഭിക്കാന്‍ ഇയാള്‍ സ്വന്തം മരണം ഇതിനിടെ ആസൂത്രണം ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാളുമായി ബന്ധുവിന്റെ ഫെയ്‌സ്ബുക് പ്രൊഫൈലിലൂടെയാണ് ബന്‍സാല്‍ ബന്ധപ്പെട്ടത്. പച്ചക്കറി വ്യാപാരിയായ മനോജ് യാദവ് (21), വിദ്യാര്‍ഥിയായ സൂരജ് (18), ടെയ്ലറായ സുമിത് (26) എന്നിവരും ഒപ്പം ചേര്‍ന്നു. ഇവരുമായി കട്കട്ഡൂമയില്‍ ബന്‍സാല്‍ കൂടിക്കാഴ്ച നടത്തി.

ആദ്യം വെടിവച്ചു കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തോക്ക് ലഭിക്കാതെ വന്നതോടെ പദ്ധതി മാറ്റേണ്ടി വന്നു. തൂക്കാന്‍ ഉപയോഗിച്ച കയര്‍ വാങ്ങി നല്‍കിയതും ബന്‍സാല്‍ തന്നെ. കൃത്യം നടത്തിയ 9നു മോഹന്‍ നഗറിലെത്തി ബന്‍സാലും ജുവനൈല്‍ പ്രതിയുമായി കൂടിക്കാഴ്ച നടത്തി. കൊല നടത്താനുള്ള സ്ഥലം തിരഞ്ഞെടുത്തതും ബന്‍സാലാണ്. ബന്‍സാലിന്റെ മൊബൈല്‍ കോള്‍ രേഖകള്‍ ഉപയോഗിച്ചാണു ജുവനൈല്‍ പ്രതിയിലേക്കു പൊലീസെത്തിയതും സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞതും. 4 പേരും അറസ്റ്റിലായി

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment