ട്വന്റി20 ലോകകപ്പ് ഫൈനല്‍ കണ്ട 86,174 പേരില്‍ ഒരാള്‍ക്ക് കൊറോണ; മത്സരം വീക്ഷിച്ചവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി ചികിത്സ തേടണമെന്നും

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ട്വന്റി20 വനിതാ ലോകകപ്പ് ഫൈനല്‍ കാണാനെത്തിയ ആരാധകരില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന കലാശപ്പോരാട്ടത്തിന് സ്‌റ്റേഡിയത്തിലെത്തി സാക്ഷ്യം വഹിച്ച ഒരാള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മത്സരം 85 റണ്‍സിന് ജയിച്ച ഓസ്‌ട്രേലിയ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടിയിരുന്നു.

വനിതാ ക്രിക്കറ്റില്‍ കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട മത്സരമായിരുന്നു മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ മെല്‍ബണില്‍ നടന്ന ഇന്ത്യ–ഓസ്‌ട്രേലിയ വനിതാ ട്വന്റി20 ലോകകപ്പ് ഫൈനല്‍. ആകെ 86,174 പേരാണ് മത്സരം വീക്ഷിക്കാന്‍ എംസിജിയിലെത്തിയത് എന്നാണ് ഐസിസിയുടെ ഔദ്യോഗിക കണക്ക്. ഇക്കൂട്ടത്തില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

‘മാര്‍ച്ച് എട്ടിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എംസിജി) നടന്ന ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫൈനല്‍ നേരിട്ട് വീക്ഷിച്ച ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു’ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. അത്ര ഗുരുതരമല്ലാത്ത ‘ലോ–റിസ്‌ക്’ വിഭാഗത്തില്‍ പെടുന്നതാണ് വൈറസ് ബാധയെന്നാണ് ദ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് (ഡിഎച്ച്എച്ച്എസ്) നല്‍കുന്ന വിവരം. എംസിജിയിലെ എന്‍ 42 സെക്ഷനില്‍ നോര്‍ത്തേണ്‍ സ്റ്റാന്‍ഡിലുള്ള ലെവല്‍ 2 മേഖലയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ഇരുന്നിരുന്നതെന്നും അറിയിച്ചിട്ടുണ്ട്.

ഈ മേഖലയില്‍ ഇരുന്നു മത്സരം വീക്ഷിച്ചവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വ്യക്തിശുചിത്വം കൂടുതലായി പാലിക്കണമെന്നും ഡിഎച്ച്എച്ച്എസ് ആവശ്യപ്പെട്ടതായി എംസിജി അധികൃതര്‍ വ്യക്തമാക്കി. ആര്‍ക്കെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി ചികിത്സ തേടണമെന്നും നിര്‍ദ്ദേശമുണ്ട്.

pathram:
Related Post
Leave a Comment