ഇന്ത്യന്‍ ടീം സെലക്ഷനെതിരേ തുറന്നടിച്ച് ഗവാസ്‌കര്‍

ഇന്ത്യന്‍ ടീമംഗങ്ങളെ സെലക്ട് ചെയ്യുന്ന രീതിക്കെതിരേ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌ക്കര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനിടെ ഇന്ത്യയുടെ പ്ലേയിങ് ഇലവന്റെ നിരന്തരമായ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോലിയുടെ നേതൃത്വത്തില്‍ ടീം മികച്ച നിലവാരത്തിലേക്ക് ഉയരുന്നുണ്ടെങ്കിലും പ്ലേയിങ് ഇലവനിലെ നിരന്തരമായ മാറ്റത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മത്സരങ്ങളിലും ചിലരെ ഒഴിവാക്കുകയും ചിലരെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് മികച്ച പ്രകടനം നടത്താനാകാതെ ടീമിന് പുറത്തുപോകേണ്ടിവരുന്ന കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഗാവസ്‌ക്കര്‍ അഭിപ്രായപ്പെട്ടു.

ലോകത്തെവിടെയായാലും സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ സ്ഥിരമായി ടീം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉണ്ടാകേണ്ടയാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”നിങ്ങളങ്ങ് ചുമ്മാ ഐ.സി.സിയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറാകില്ല. ലോകത്തെവിടെയും വിക്കറ്റ് വീഴ്ത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ടീം മാനേജ്‌മെന്റ് ഇത് മനസിലാക്കുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും വേണം”, ഗാവസ്‌ക്കര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിന്‍ഡീസ് പരമ്പരയില്‍ ബെഞ്ചിലായിരുന്നു അശ്വിന്റെ സ്ഥാനം. 2018 ഡിസംബറില്‍ ഓസീസിനെതിരെയാണ് അശ്വിന്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. കളിക്കാരന്റെ ആത്മവിശ്വാസം കുറയാത്ത വിധത്തിലായിരിക്കണം ടീം തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment