രോഹിത്ത് സച്ചിന്റെ ആ അപൂര്‍വ റെക്കോര്‍ഡ് മറികടക്കുമോ…?

ലോകകപ്പില്‍ നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ -ന്യൂസീലന്‍ഡ് പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഇപ്പോള്‍തന്നെ മികച്ച ഫോമില്‍ നില്‍ക്കുന്ന രോഹിത് ശര്‍മയിലേക്കാണ് ഏവരുടെയും കണ്ണുകള്‍. ഈ ലോകകപ്പിലെ മിന്നുന്ന ഫോം ചൊവ്വാഴ്ചയും രോഹിത് തുടര്‍ന്നാല്‍ അത് ചരിത്രമാകും. കാരണം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ രണ്ടു റെക്കോഡുകളാണ് രോഹിത്തിനു മുന്നില്‍ വഴിമാറാന്‍ നില്‍ക്കുന്നത്.

27 റണ്‍സ് കൂടി നേടിയാല്‍ ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന സച്ചിന്റെ റെക്കോഡ് രോഹിത് മറികടക്കും. ഇന്ത്യ ഫൈനല്‍ കളിച്ച 2003 ലോകകപ്പില്‍ 673 റണ്‍സടിച്ച സച്ചിനായിരുന്നു ടൂര്‍ണമെന്റിന്റെ താരം. ഈ ലോകകപ്പിലെ ഒമ്പതു മത്സരങ്ങളില്‍ നിന്നായി രോഹിത് 647 റണ്‍സ് നേടിക്കഴിഞ്ഞു.

മാത്രമല്ല സെമിയില്‍ 53 റണ്‍സെടുക്കാന്‍ സാധിച്ചാല്‍ ഒരു ലോകകപ്പില്‍ 700 റണ്‍സ് തികയ്ക്കുന്ന ആദ്യതാരമെന്ന നേട്ടം രോഹിത്തിന് സ്വന്തമാക്കാം.

സെമിയില്‍ സെഞ്ചുറി തികച്ചാല്‍ ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോഡ് രോഹിത്തിന്റെ പേരിലാകും. നിലവില്‍ ആറു സെഞ്ചുറികളുമായി രോഹിത് സച്ചിനൊപ്പമുണ്ട്. സച്ചിന്‍ ആറു ലോകകപ്പുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ തന്റെ രണ്ടാമത്തെ മാത്രം ലോകകപ്പില്‍ തന്നെ രോഹിത് ഈ റെക്കോഡിനൊപ്പമെത്തി.

നേരത്തെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടം ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ മറികടന്ന് രോഹിത് സ്വന്തമാക്കിയിരുന്നു. ഒരു ലോകകപ്പില്‍ 600 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമാണ്.

pathram:
Leave a Comment