ധോണിയുടെ ഇന്നിംഗ്‌സിനെ വിമര്‍ശിക്കുന്നവര്‍ക്ക് സച്ചിന്റെ മറുപടി

ലോകകപ്പ് ക്രിക്കറ്റില്‍ മോശം പ്രകടനമാണ് മഹേന്ദ്രസിങ് ധോണി കാഴ്ചവയ്ക്കുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
ബംഗ്ലാദേശിനെതിരായി ധോണി കളിച്ചത് വളരെ നിര്‍ണായക ഇന്നിംഗ്‌സായിരുന്നുവെന്നും സാഹചര്യങ്ങള്‍ അനുസരിച്ചാണ് ധോണി കളിച്ചതെന്നും സച്ചിന്‍ പറഞ്ഞു. അഫ്ഗാനെതിരായ കളിയില്‍ ധോണിയുടെ സ്‌ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ച് സച്ചിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ബംഗ്ലാദേശിനെതിരായ കളിയില്‍ ധോണിയുടെ പ്രകടനത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സച്ചിന്‍ പറഞ്ഞു. ടീമിന്റെ താല്‍പര്യങ്ങള്‍ക്കാണ് ധോണി എപ്പോഴും മുന്‍തൂക്കം നല്‍കുന്നത്. ധോണി കളിച്ചത് നിര്‍ണായകമായൊരു ഇന്നിംഗ്‌സായിരുന്നു. ആ സമയത്ത് ടീമിന് എന്താണോ വേണ്ടിയിരുന്നത് അതാണ് ധോണി കളിച്ചത്. 50 ഓവര്‍ വരെ ധോണി ക്രീസില്‍ നില്‍ക്കുകയാണെങ്കില്‍ അത് മറ്റ് കളിക്കാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അവസരമൊരുക്കും. അതു തന്നെയാണ് ബംഗ്ലാദേശിനെതിരെ ധോണി ചെയ്തത്. ആ സമയം റണ്‍സടിച്ചു കൂട്ടുക എന്നത് മാത്രമല്ല, ടീമിന് എന്താണോ വേണ്ടത് അത് ചെയ്യുക എന്നതാണ് പ്രധാനം. അത് അദ്ദേഹം ഭംഗിയായി ചെയ്തു- സച്ചിന്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരെ 39–ാം ഓവറില്‍ ക്രീസിലിലിറങ്ങിയ ധോണി അവസാന ഓവറിലാണ് പുറത്തായത്. 33 പന്തില്‍ 35 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. അവസാന ഓവറുകളില്‍ സിംഗിളുകളെടുക്കാനുള്ള അവസരം വേണ്ടെന്ന് വെച്ച് ഭുവനേശ്വര്‍കുമാറിന് സ്‌ട്രൈക്ക് കൈമാറാതിരുന്ന ധോണിയുടെ നീക്കത്തിനെതിരെയും വിമര്‍ശനമയുര്‍ന്നിരുന്നു.

pathram:
Leave a Comment