വിജയ് ശങ്കറിന് പകരം പന്ത് ഇറങ്ങിയേക്കും; ഇന്ത്യ നാളെ വിന്‍ഡിസിനെതിരേ

ലോകകപ്പ് ക്രിക്കറ്റില്‍ വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ നാളെ വീണ്ടും ഇറങ്ങുന്നു. സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച വെസ്റ്റ് ഇന്‍ഡീസ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മൂന്ന് കളികളിലെ ആധികാരിക ജയത്തിനുശേഷം അഫ്ഗാനെതിരെ പൊരുതി നേടിയ വിജയം ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. അഫ്ഗാനെക്കാള്‍ കരുത്തരായ വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ വിരാട് കോലി മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ആകാംകഷയോടെ ഉറ്റുനോക്കുന്നത്.

അഫ്ഗാനെതിരെ പരാജയപ്പെട്ടെങ്കിലും രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ സഖ്യം തന്നെയാവും വിന്‍ഡീസിനെതിരെയും ഇന്ത്യയുടെ ഇന്നിംഗ്‌സ് തുറക്കുക. രോഹിത് ശര്‍മയുടെ ഫോമിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍. വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രലായിരിക്കും ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക. വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ മാറ്റം പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിജയ് ശങ്കര്‍ക്ക് പകരം ഋഷഭ് പന്തിന് നാലാം നമ്പറില്‍ അവസരം ഒരുങ്ങിയേക്കും. പാക്കിസ്ഥാനെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ശങ്കര്‍ അഫ്ഗാനെതിരെ ബൗള്‍ ചെയ്തിരുന്നില്ല. 29 റണ്‍സുമായി ബാറ്റിംഗില്‍ നാലാം നമ്പറില്‍ ശരാശരി പ്രകടനം മാത്രമാണ് ശങ്കര്‍ പുറത്തെടുത്തത്. അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മധ്യനിരയുടെ മെല്ലെപ്പോക്ക് വിമര്‍ശനത്തിന് കാരണമായ സാഹചര്യത്തില്‍ വമ്പനടിക്കാരനായ പന്തിനെ നാലാം നമ്പറില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

അഞ്ചാമനായി ധോണിയും ആറാമനായി കേദാര്‍ ജാദവും തന്നെയിറങ്ങും. ബാറ്റിംഗ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ നാലാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങാനുള്ള സാധ്യതയും മുന്നിലുണ്ട്. ബൗളിംഗിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തന്നെ തുടരാനാണ് സാധ്യത. പേസ് ബൗളിംഗില്‍ ബൂമ്ര-ഷമി സഖ്യം തന്നെ തുടരും.

pathram:
Leave a Comment