ആദ്യജയം സ്വന്തമാക്കി മെസിയും കൂട്ടരും

കോപ്പ അമേരിക്ക ഗ്രൂപ്പ് പോരാട്ടത്തില്‍ ഖത്തറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നു. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ ആദ്യ ജയമായിരുന്നു ഇത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വയെ തോല്‍പിച്ചതോടെയാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. കൊളംബിയയാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍.

ആദ്യ മത്സരം തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ സമനില വഴങ്ങുകയും ചെയ്ത അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറിലെത്താന്‍ വിജയം അനിവാര്യമായിരുന്നു. ഗ്രൂപ്പ് ബിയിലെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒന്നു വീതം ജയവും സമനിലയും തോല്‍വിയുമായാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നത്.

ലൗറ്റാറോ മാര്‍ട്ടിനസും സെര്‍ജിയോ അഗ്യൂറോയുമാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍. ഖത്തര്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് നാലാം മിനിറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. ലൗറ്റാറോ മാര്‍ട്ടിനസാണ് അവരെ മുന്നിലെത്തിച്ചത്.

ആത്മവിശ്വാസത്തോടെ കളിച്ച ഖത്തര്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് അവര്‍ക്ക് പലപ്പോഴും വിനയായി. 82-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീന ഗോള്‍ പട്ടിക തികച്ചു.

pathram:
Related Post
Leave a Comment