രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജ് സിങ്ങിന് ആശംസകളും ഓര്‍മകള്‍ പുതുക്കിയും സഹതാരങ്ങളും നിലവിലെ ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എത്തി.
യുവരാജിനെ പുകഴ്ത്തി ദേശീയ ടീമില്‍ യുവിയുടെ സഹതാരം കൂടിയായിരുന്ന വീരേന്ദര്‍ സേവാഗ് പറഞ്ഞതിങ്ങനെയാണ്.. ” യുവരാജിനേപ്പോലൊരു താരത്തെ ഇനി കണ്ടെത്തുക പ്രയാസമാണ്’ -സേവാഗ് ട്വിറ്ററില്‍ കുറിച്ചു. യുവരാജിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് വീരു ട്വിറ്ററിലൂടെ പ്രതികരണവുമായെത്തിയത്.
‘കളിക്കാര്‍ വരും, പോകും. എന്നാല്‍ യുവരാജിനേപ്പോലൊരു താരത്തെ ഇനിയും കണ്ടെത്തുക പ്രയാസമാണ്. അദ്ദേഹം ബുദ്ധിമുട്ടേറിയ ഒത്തിരി ഘട്ടങ്ങളിലൂടെ കടന്നുപോയി. രോഗത്തെയും ബോളര്‍മാരെയും ഒരുപോലെ അടിച്ചുപറത്തി ആരാധക ഹൃദയങ്ങളില്‍ കുടിയേറി. പോരാട്ടവീര്യം കൊണ്ടും ഇച്ഛാശക്തികൊണ്ടും ഒരുപാടു പേരെ അദ്ദേഹം പ്രചോദിപ്പിച്ചു. യുവരാജിന് എല്ലാ ആശംസകളും’ സേവാഗ് കുറിച്ചു.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ യുവരാജിന്റെ വിരമിക്കലില്‍ പ്രതികരണമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അവരുടെ പ്രതികരണങ്ങളിലൂടെ…
സച്ചിന്‍- എന്തൊരു കരിയറായിരുന്നു യുവി താങ്കളുടേത്! ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം യഥാര്‍ഥ ചാംപ്യനേപ്പോലെ രക്ഷകനായി നീ എത്തിയിട്ടുണ്ട്. കളത്തിലും പുറത്തും പ്രതിസന്ധി ഘട്ടങ്ങളില്‍ നീ കാട്ടിയ പോരാട്ടവീര്യം അപാരമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് താങ്കള്‍ നല്‍കിയ എല്ലാ സംഭാവനകള്‍ക്കും നന്ദി. ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിന് എല്ലാവിധ ആശംസകളും…
വി.വി.എസ്. ലക്ഷ്മണ്‍- യുവരാജിനോടൊപ്പം കളിക്കാന്‍ സാധിച്ചത് ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് താങ്കള്‍ മടങ്ങുന്നത്. അതിജീവനത്തിന്റെ കരുത്തുകൊണ്ടും ഇച്ഛാശക്തികൊണ്ടും ഞങ്ങള്‍ക്കെല്ലാം വലിയ പ്രചോദനമായിരുന്നു താങ്കള്‍. കളിയോടുള്ള സമര്‍പ്പണവും ആത്മാര്‍ഥതയും അതുപോലെതന്നെ. ആശംസകള്‍…
കോഹ്‌ലി- രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം സാധ്യമാക്കിയ കരിയറിന് എല്ലാവിധ അഭിനന്ദനങ്ങളും. ഓര്‍മയില്‍നില്‍ക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങളും വിജയങ്ങളും താങ്ങള്‍ ഞങ്ങള്‍ക്കു സമ്മാനിച്ചു. മുന്‍പോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും. യഥാര്‍ഥ ചാംപ്യന്‍…!
റെയ്‌ന- ഒരു യുഗത്തിന്റെ അന്ത്യം! താങ്കളുടെ ബാറ്റിങ്ങിലെ പ്രതിഭയും മഹത്തായ സിക്‌സറുകളും, അവിശ്വസനീയമായ ക്യാച്ചുകളും, നമ്മളൊരുമിച്ചുണ്ടായിരുന്ന സുന്ദര നിമിഷങ്ങളും ഇനിയങ്ങോട്ട് വല്ലാതെ മിസ് ചെയ്യും. കളത്തില്‍ താങ്കള്‍ പ്രകടമാക്കിയ ‘ക്ലാസ്’ എക്കാലവും പ്രചോദനമാണ്. സമാനമായ രീതിയിലുള്ള ഒരു രണ്ടാം ഇന്നിങ്‌സും ആശംസിക്കുന്നു. നന്ദി.
ഗംഭീര്‍ -ഏറ്റവും മികച്ച കരിയറിന് ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരന് അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റ് താരം താങ്കളാണ്. യുവിയോടുള്ള ആദരസൂചകമായി നമ്പര്‍ 12 ജഴ്‌സി ബിസിസിഐ ഇനിയാര്‍ക്കും നല്‍കരുത്. താങ്കളേപ്പോലെ ബാറ്റു ചെയ്യാന്‍ സാധിച്ചിരുന്നെങ്കിലെന്ത് എത്രയോ തവണ ആഗ്രഹിച്ചിരിക്കുന്നു…
ഋഷഭ് പന്ത്- നല്ല സഹോദരന്‍. വഴികാട്ടി. പോരാളി. ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളും അതിലും മികച്ചൊരു മനുഷ്യനും. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മുന്നോടുള്ള ജീവിതം താങ്കളേപ്പോലെ തന്നെ തകര്‍പ്പനാകട്ടെ.
ഹേമാങ് ബദാനി- 2000ല്‍ നെയ്‌റോബിയില്‍ നടന്ന മിനി ലോകകപ്പിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ യുവി അരങ്ങേറ്റം കുറിച്ച നാളുകളിലേക്ക് ഓര്‍മകള്‍ പായുന്നു. അന്ന് കളി കണ്ടപ്പോഴേ ഇന്ത്യയ്ക്കായുള്ള ഈ താരോദയം തിരിച്ചറിഞ്ഞതാണ്. അന്നും ഓസീസിനെ തകര്‍ത്തുവിട്ടു, ഇന്നലെയും അവരെ വീഴ്ത്തി. എല്ലാം കൊണ്ടും യോജിച്ച സമയം. ആശംസകള്‍.
ഹര്‍ഭജന്‍ സിങ്- എന്റെ പോരാളിയായ രാജകുമാരന്‍. കളത്തിലും പുറത്തും യഥാര്‍ഥ പോരാളി. താങ്കളേക്കുറിച്ചുള്ള കഥകള്‍ എക്കാലവും ജീവിക്കും. സ്‌നേഹം മാത്രം…
റോബിന്‍ ഉത്തപ്പ- മികച്ചൊരു കരിയര്‍ സാധ്യമാക്കിയിതിന് അനുമോദനങ്ങള്‍. താങ്കളൊരു പ്രചോദനമാണ്. താങ്കള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് വലിയ സന്തോഷമാണ്. എല്ലാ ഓര്‍മകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. എല്ലാ ആശംസകളും.
ജസ്പ്രീത് ബുമ്ര- അതിരില്ലാത്ത ഓര്‍മകളും ഹൃദയങ്ങള്‍ കീഴടക്കിയ പ്രകടനങ്ങളും കൊണ്ട് ഞങ്ങളെ സ്ഥിരം പ്രചോദിപ്പിച്ച വ്യക്തിയാണ് താങ്കള്‍. മഹത്തായൊരു കരിയറിന് അനുമോദനങ്ങള്‍. മുന്നോട്ടുള്ള ജീവിതത്തിന് ആശംസകളും.
ശിഖര്‍ ധവാന്‍ -എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി യുവി. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മികച്ച ഇടംകയ്യന്‍ ബാറ്റ്‌സ്മാനാണ് താങ്കള്‍. താങ്കളുടെ ബാറ്റിങ് ശൈലിയും സാങ്കേതിക വശങ്ങളും കണ്ടുപഠിക്കാന്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്. എല്ലാ ആശംസകളും.
മുഹമ്മദ് കൈഫ് – ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാള്‍. വെല്ലുവിളികളെ നേരിട്ട് അവിസ്മരണീയമായൊരു കരിയര്‍ രൂപപ്പെടുത്തിയ യഥാര്‍ഥ പോരാളി. എക്കാലവും വിജയിയായി നിന്ന യഥാര്‍ഥ ചാംപ്യന്‍. താങ്കള്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനമാണ്. രാജ്യത്തിനായി ചെയ്ത സേവനങ്ങള്‍ക്ക് താങ്കള്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം.
ഹര്‍ഷ ഭോഗ്‌ലെ – യുവരാജ്, താങ്കള്‍ സുന്ദരമായി കളി പൂര്‍ത്തിയാക്കിയിരിക്കുന്നു. മുന്‍പ് സച്ചിന്‍ പറഞ്ഞതുപോലെ, ഇന്ത്യയ്ക്ക് ആവശ്യമുള്ളപ്പോഴെല്ലാം സഹായത്തിന് താങ്കളുണ്ടായിരുന്നു. താങ്കളുടെ കളി കാണാന്‍ നല്ല ചന്തമായിരുന്നു. ആ പ്രകടനങ്ങളെല്ലാം മനസില്‍ കൊത്തിവച്ചിരിക്കുന്നു. ഏറ്റവും മികച്ചൊരു കരിയറിനൊടുവില്‍ താങ്കളും സന്തോഷവാനാണെന്നു കരുതട്ടെ.
എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടന്ന ആദ്യ ദിവസം പ്രതികരണങ്ങളില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധേയമായി. സാക്ഷാല്‍ എം.എസ്. ധോണി. സച്ചിനും സെവാഗും കോഹ്ലിയും എന്നുവേണ്ട പ്രമുഖരെല്ലാം പ്രതികരിച്ചപ്പോള്‍ ധോണി മൗനം പാലിച്ചു. ഇതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്.
Leave a Comment