ഡല്‍ഹിയെ തകര്‍ത്ത് ചെന്നൈ ഫൈനലില്‍; ഞായറാഴ്ച മുംബൈയുമായി കലാശപ്പോര്…

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനല്‍. ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷെയ്ന്‍ വാട്സണ്‍ (32 പന്തില്‍ 50), ഫാഫ് ഡു പ്ലെസിസ് (39 പന്തില്‍ 50) എന്നിവരാണ് വിജയം എളുപ്പമാക്കിയത്.

ഒന്നാം വിക്കറ്റില്‍ വാട്സണ്‍- ഫാഫ് സഖ്യം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്തിയവര്‍ അധികം ബുദ്ധിമുട്ടാതെ തന്നെ തന്നെ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. സുരേഷ് റെയ്ന (11), എം.എസ് ധോണി (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഡ്വെയ്ന്‍ ബ്രാവോ (0), അമ്പാട്ടി റായുഡു (20) എന്നിവര്‍ പുറത്താവാതെ നിന്നു. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു വാട്സണിന്റെ ഇന്നിങ്സ്. ഫാഫ് ഒരു സിക്സും ഏഴ് ഫോറും പായിച്ചു. ഡല്‍ഹിക്ക് വേണ്ടി ട്രന്റ് ബോള്‍ട്ട്, ഇശാന്ത് ശര്‍മ, അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ഋഷഭ് പന്ത് (38), കോളിന്‍ മണ്‍റോ (27) എന്നിവരുടെ ഇന്നിങ്സാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഹര്‍ഭജന്‍ സിങ്, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പൃഥ്വി ഷാ (5), ശിഖര്‍ ധവാന്‍ (18), കോളിന്‍ മണ്‍റോ (27), ശ്രേയാസ് അയ്യര്‍ (13), അക്ഷര്‍ പട്ടേല്‍ (3), റുതര്‍ഫോര്‍ഡ് (10), കീമോ പോള്‍ (3), ട്രന്റ് ബൗള്‍ട്ട് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

pathram:
Related Post
Leave a Comment