ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിക്കും; പ്രകടനം നിര്‍ണായകമാവും

ന്യൂഡല്‍ഹി: മേയ് മാസം അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ മാസം 15ന് തിരഞ്ഞെടുക്കും. മുംബൈയില്‍ നടക്കുന്ന സിലക്ഷന്‍ കമ്മിറ്റിയുടെ പ്രത്യേക യോഗത്തിലായിരിക്കും ലോകകപ്പ് ടീം തിരഞ്ഞെടുപ്പ്. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ യോഗത്തിലാണ് ലോകകപ്പ് ടീമിനെ 15ന് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ബിസിസിഐ ഭാരവാഹികളായ സി.കെ. ഖന്ന, അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി ഈ മാസം 23 ആണ്. ഐപിഎല്ലിലെ ഇതുവരെയുള്ള മല്‍സരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ടീം തിരഞ്ഞെടുപ്പെന്നാണ് സൂചന. ബാറ്റിങ്ങില്‍ നാലാം നമ്പര്‍ സ്ഥാനത്തുള്‍പ്പെടെ കളിപ്പിക്കേണ്ട താരങ്ങളുടെ കാര്യത്തില്‍ അവ്യക്തതയുണ്ട്.

ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ 30 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിക്കുന്ന പതിവ് നേരത്തെയുണ്ടായിരുന്നെങ്കിലും ഐസിസിയുടെ പുതിയ ചട്ടമനുസരിച്ച് ഇതു നിര്‍ബന്ധമില്ല. അതുകൊണ്ടുതന്നെ ലോകകപ്പില്‍ കളിക്കുന്ന 15 അംഗ ടീമിനെ നേരെ പ്രഖ്യാപിക്കുകയാണ് ചെയ്യുക.
അതേസമയം, ലോകകപ്പില്‍ ജൂണ്‍ 16നു നടക്കേണ്ട ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇന്ത്യ എന്താണു ചെയ്യുകയെന്ന് ‘കാത്തിരുന്നു കാണാ’മെന്നായിരുന്നു പ്രതികരണം.

pathram:
Related Post
Leave a Comment