പന്തിനെ വെറുതേ വിടൂ…, ധോണിയുമായി താരതമ്യം ചെയ്യാമോ..?

ലോകകപ്പിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് ടീം ഇന്ത്യയായി കളിക്കുന്ന അവസാന മത്സരമാണ് നാളെ നടക്കുക. ലോകകപ്പിന് രണ്ടര മാസത്തോളം ബാക്കിയുണ്ടെങ്കിലും ടീമിന് ഇനി ഏകദിന മല്‍സരങ്ങളില്ല. പരമ്പരയ്ക്കു ശേഷം ഐപിഎലില്‍ കളിക്കാനായി താരങ്ങള്‍ വ്യത്യസ്ത ടീമുകളിലേക്കു പോകും. ഐപിഎലിലെ പ്രകടനം ലോകകപ്പ് ടീം സിലക്ഷനില്‍ വലിയ പരിഗണനയല്ല എന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞതിനാല്‍ ടീമില്‍ സ്ഥാനം ഉറപ്പില്ലാത്ത താരങ്ങള്‍ക്ക് അവിസ്മരണീയമായൊരു പ്രകടനത്തിലൂടെ അവകാശവാദം ഉന്നയിക്കാനുള്ള അവസരം കൂടിയാണിത്. നാലാം ഏകദിനം തോറ്റ് പരമ്പര 2-2 സമനിലയിലാണ് എന്നതിനാല്‍ കളി ജയിച്ച് പരമ്പര നേടി ആത്മവിശ്വാസമുയര്‍ത്തുക എന്നത് ടീമിനും നിര്‍ണായകം.

നാലാം ഏകദിനത്തിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും വേട്ടയാടപ്പെട്ടത് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ്. ബാറ്റിങ്ങില്‍ മോശമാക്കിയില്ലെങ്കിലും വിക്കറ്റ് കീപ്പിങ്ങില്‍ പന്തിന്റെ പിഴവുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ഗാലറിയില്‍ നിന്നു പന്തിനെ ലാക്കാക്കി ‘ധോണി, ധോണി’ എന്നു വിളിച്ചു പറഞ്ഞ കാണികള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലും പന്തിനെ ട്രോളി. സെഞ്ചുറി നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, മാന്‍ ഓഫ് ദ് മാച്ച് ആഷ്ടണ്‍ ടേണര്‍, വിജയത്തിലേക്ക് ടേണറിനു കൂട്ടുനിന്ന അലക്‌സ് കാരി എന്നിവര്‍ നല്‍കിയ ചാന്‍സുകളാണ് വിക്കറ്റിനു പിന്നില്‍ പന്ത് പാഴാക്കിയത്. വിക്കറ്റിനു എതിരായി തിരിഞ്ഞുനില്‍ക്കെ കിട്ടിയ അവസരം, ധോണി സ്‌റ്റൈലില്‍ വിക്കറ്റിലേക്കു നോക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞു നടത്തിയ പരീക്ഷണവും പാളി. ക്യാപ്റ്റന്‍ കോഹ്‌ലിയുടെ മുഖത്തുണ്ടായ അനിഷ്ടം തൊട്ടുപിന്നാലെ ടിവി ക്യാമറകള്‍ ഒപ്പിയെടുക്കുകയും ചെയ്തു.

എന്നാല്‍ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പരിചയസമ്പന്നനായ താരങ്ങളിലൊരാളായ ധോണിയുമായി പന്തിനെ താരതമ്യം ചെയ്യുന്നതിന്റെ ശരികേട് ചൂണ്ടിക്കാട്ടി മുന്‍ താരം ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതീക്ഷയുള്ള ഭാവിതാരങ്ങളിലൊരാളാണ് പന്ത് എന്നായിരുന്നു ചോപ്രയുടെ അഭിപ്രായം. 21 വയസ്സുകാരനായ പന്ത് നാലാം ഏകദിനം മാത്രമാണ് കളിക്കുന്നത് എന്നു പറഞ്ഞും പലരും പന്തിനു പിന്തുണയായെത്തി.

pathram:
Leave a Comment