ഭീകരാക്രമണത്തിന് പിന്നാലെ ഇമ്രാന്‍ ഖാന്‍, വസീം അക്രം, അഫ്രീദി തുടങ്ങിയവരുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു

കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍. മൊഹാലി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷന്‍ എടുത്തുമാറ്റിയത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങള്‍ മാറ്റിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

മുന്‍ പാക് ക്യാപ്റ്റനും നിലവില്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്. സ്‌റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നത്.

ഭീകരാക്രമണത്തിനെതിരെ രാജ്യത്തുയര്‍ന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍. എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. പിസിഎ ട്രഷറര്‍ അജയ് ത്യാഗി വ്യക്തമാക്കി

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

pathram:
Leave a Comment