ഖത്തര്‍ പുതിയ ചരിത്രം രചിച്ചു..!!

അബുദാബി: എ.എഫ്.സി ഏഷ്യന്‍കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ഖത്തര്‍ പുതിയ ചരിത്രം രചിച്ചു. ഖത്തറിന്റെ ആദ്യത്തെ ഏഷ്യന്‍ കപ്പ് കിരീടമാണിത്. അഞ്ചാം കിരീടം തേടിയിറങ്ങിയ ജപ്പാനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഖത്തര്‍ തോല്‍പ്പിച്ചത്.

12ാം മിനിറ്റില്‍ അല്‍മോസ് അലി, 27ാം മിനിറ്റില്‍ അബ്ദുള്‍ അസീസ് ഹാതെം, 83ാം മിനിറ്റില്‍ അക്രം അഫീഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. താക്കുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ആശ്വാസ ഗോള്‍.

ടൂര്‍ണമെന്റില്‍ ആരും പ്രതീക്ഷിക്കാത്ത കുതിപ്പായിരുന്നു ഖത്തറിന്റേത്. ഏറ്റവും കൂടുതല്‍ ഏഷ്യന്‍ കപ്പ് കിരീടങ്ങളെന്ന റെക്കോഡ് കയ്യാളുന്ന ജപ്പാനെ നിഷ്പ്രഭരാക്കിയ പ്രകടനമാണ് ഫൈനലില്‍ ഖത്തര്‍ പുറത്തെടുത്തത്. മത്സരം തുടങ്ങി 30 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഖത്തര്‍ തങ്ങളുടെ തനിസ്വരൂപം പുറത്തെടുത്തു.

12ാം മിനിറ്റില്‍ അഫീഫിന്റെ പാസ് സ്വീകരിക്കുമ്പോള്‍ ഗോള്‍പോസ്റ്റ് അല്‍മോസ് അലിയുടെ പിന്നിലായിരുന്നു. രണ്ട് മനോഹര ടച്ചുകള്‍ക്ക് ശേഷം ഒരു ബൈസൈക്കിള്‍ കിക്കിലൂടെ അല്‍മോസ് പന്ത് ജപ്പാന്‍ വലയില്‍ എത്തിച്ചു. ടൂര്‍ണമെന്റിലെ താരത്തിന്റെ ഒമ്പതാം ഗോളായിരുന്നു ഇത്. ഒരു ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ ഒമ്പത് ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും അല്‍മോസ് സ്വന്തമാക്കി.

പിന്നാലെ 27ാം മിനിറ്റില്‍ അസീസ് ഹാതെമിന്റെ ഇടംകാലന്‍ ഷോട്ട് ജപ്പാന്‍ വലതുളച്ചു. പിന്നീട് പ്രതിരോധത്തിലേക്ക് വലിഞ്ഞ ഖത്തര്‍, ജപ്പാന്‍ ആക്രമണങ്ങള്‍ ഓരോന്നായി ഇല്ലാതാക്കി. എന്നാല്‍ 69ാം മിനിറ്റില്‍ താക്കുമി മിനാമിനോ മികച്ച ഒരു മുന്നേറ്റത്തിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. ഖത്തര്‍ ഈ ടൂര്‍ണമെന്റില്‍ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്.

പിന്നീട് ജപ്പാന്റെ ആക്രമണങ്ങളായിരുന്നു. ഒരിടയ്ക്ക് ജപ്പാന്‍ സമനില ഗോള്‍ നേടും എന്ന ഘട്ടത്തില്‍ വാര്‍ (വി.എ.ആര്‍) ഖത്തറിനെ തുണച്ചു. ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് ജപ്പാനെതിരേ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത അക്രം അഫീഫിന് പിഴച്ചില്ല. വിജയത്തോടെ ഒരു ഏഷ്യന്‍ ടീമിന് കപ്പ് നേടിക്കൊടുക്കുന്ന ആദ്യ സ്‌പെയിന്‍ പരിശീലകനെന്ന നേട്ടം ഖത്തറിന്റെ ഫെലിക്‌സ് സാഞ്ചസ് സ്വന്തമാക്കി.

pathram:
Related Post
Leave a Comment