ധോണിയെ വാനോളം പുകഴ്ത്തി കോഹ്ലി; നാം കണ്ടത് ഒരു ‘എംഎസ് ക്ലാസിക്’; ‘ധോണി ഈ ടീമിന്റെ ഭാഗമാണെന്നതില്‍ ഒരു സംശയവും വേണ്ടെന്നും കോഹ്ലി

അഡ്ലെയ്ഡ്: രണ്ടാം ഏകദിനത്തിലെ വിജയത്തിനു പിന്നാലെ മഹേന്ദ്രസിങ് ധോണിയെ വാനോളം പുകഴ്ത്തി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അഡ്ലെയ്ഡില്‍ കണ്ടത് ‘എംഎസ് ക്ലാസിക്’ ആണെന്ന് മല്‍സരശേഷം സംസാരിക്കവെ കോഹ്‌ലി അഭിപ്രായപ്പെട്ടു. അവസാന ഓവറില്‍ വിജയത്തിലേക്ക് ഏഴു റണ്‍സ് വേണ്ടിയിരിക്കെ, ജേസണ്‍ ബെഹ്‌റെന്‍ഡ്രോഫിന്റെ ആദ്യ പന്തു തന്നെ ഗാലറിയിലെത്തിച്ചാണ് ധോണി ടീമിനു വിജയം സമ്മാനിച്ചത്. ധോണിയുടെ ഫിനിഷിങ് പാടവം ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് ഉജ്വലമായൊരു ഫിനിഷിങ്ങുമായി അദ്ദേഹം ടീമിനു വിജയം സമ്മാനിച്ചത്.

54 പന്തില്‍ രണ്ടു സിക്‌സ് സഹിതം 55 റണ്‍സ് നേടിയ ധോണിയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. സെഞ്ചുറി നേടിയ കോഹ്‌ലിക്കൊപ്പം നാലാം വിക്കറ്റില്‍ ധോണി ചേര്‍ത്ത 82 റണ്‍സ് കൂട്ടുകെട്ടും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായി.

‘ധോണി ഈ ടീമിന്റെ ഭാഗമാണെന്നതില്‍ ഒരു സംശയവും വേണ്ട. ഇന്നു നാം കണ്ടത് സത്യത്തില്‍ ഒരു ‘എംഎസ് ക്ലാസിക്’ ആയിരുന്നു. ഒരു മല്‍സരത്തെ ഏറ്റവും മികച്ച രീതിയില്‍ മനസ്സിലാക്കുന്ന താരമാണ് അദ്ദേഹം. അവസാന നിമിഷം വരെ ക്രീസില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തന്റെ മനസ്സിലൂടെ കടന്നുപോകുന്നതെന്താണെന്ന് ആര്‍ക്കുമറിയില്ല. വലിയ ഷോട്ടുകളിലൂടെ കളി തീര്‍ക്കുകയും ചെയ്യും’ കോഹ്‌ലി പറഞ്ഞു.

’50 ഓവര്‍ ഫീല്‍ഡ് ചെയ്തശേഷം ദീര്‍ഘസമയം ബാറ്റു ചെയ്യേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. വളരെ ബുദ്ധിമുട്ടേറിയ ദിവസമായിരുന്നു ഇത്. വിയര്‍പ്പുകാരണം എന്റെ വസ്ത്രങ്ങള്‍ നനഞ്ഞൊട്ടിയിരിക്കുന്നു. ധോണിയും വളരെ ക്ഷീണിതനായി. ഇനി ഒരു ദിവസത്തെ വിശ്രമത്തിനുശേഷം അടുത്ത മല്‍സരത്തിനു തയാറെടുക്കണം’ കോഹ്‌ലി പറഞ്ഞു.

ഓസ്‌ട്രേലിയയെ അവസാന ഓവറുകളില്‍ നിയന്ത്രിച്ചു നിര്‍ത്താനായിരുന്നു ശ്രമം. മാക്‌സ്വെലും മാര്‍ഷും ക്രീസില്‍ നില്‍ക്കുമ്പോള്‍ മല്‍സരം നമ്മള്‍ കൈവിടുകയായിരുന്നു. ഒരേ ഓവറില്‍ അവരെ പുറത്താക്കാനായത് നിര്‍ണായകമായി. എന്നാല്‍, ഈ ഘട്ടത്തില്‍ നമ്മളെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് ഭുവിയാണ്. കാര്‍ത്തിക്കിന്റെ പ്രകടനവും എടുത്തുപറയണം. അവസാന ഓവറുകളില്‍ ക്രീസിലെത്തിയ കാര്‍ത്തിക്കാണ് മികച്ച പ്രകടനത്തിലൂടെ ധോണിയുടെ സമ്മര്‍ദ്ദമയച്ചത്.

pathram:
Leave a Comment