ഐപിഎല്‍ മത്സരത്തിനിടയില്‍ ഹര്‍ഭജന്‍ തല്ലാനുണ്ടായ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ഐപിഎല്‍ മത്സരത്തിനിടയില്‍ ഹര്‍ഭജന്‍ തല്ലാനുണ്ടായ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്. നടനും ക്രിക്കറ്റ്താരവുമായ ശ്രീശാന്ത് ഇപ്പോള്‍ ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ബിഗ്‌ബോസ് സീസണ്‍ 12ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ശ്രീശാന്ത് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. മറ്റൊരു മത്സരാര്‍ത്ഥിയെ തല്ലാന്‍ ഓങ്ങിയതും പുറത്തുപോകണമെന്നു ബഹളംവെച്ചതും വലിയ വാര്‍ത്തയായിരുന്നു. ക്രിക്കറ്റ് താരമായിരുന്നപ്പോള്‍ ഒട്ടനവധി വിവാദങ്ങളില്‍ ശ്രീ കുടുങ്ങിയിരുന്നു. അതിലൊരു സംഭവം ശ്രീശാന്ത് തുറന്ന് പറഞ്ഞിരിക്കുകയാണ്. 2008ലെ ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയ വിവാദം ഉണ്ടായിരുന്നു. ചൂടന്‍ താരങ്ങളില്‍ ഒരാളായ ഹര്‍ഭജന്‍ സിംഗിന്റെ തല്ലു കൊണ്ട ശ്രീശാന്ത് അന്ന് പൊട്ടിക്കരഞ്ഞിരുന്നു. മത്സരം തോറ്റ ഹര്‍ഭജനോട് ശ്രീശാന്ത് പരിഹസിച്ച് എന്തൊ പറഞ്ഞതാണ് പ്രകോപനമായതെന്നായിരുന്നു അന്നു വാര്‍ത്തകള്‍ വന്നത്.
ഇപ്പോള്‍ ബിഗ് ബോസില്‍ അന്നുണ്ടായ യഥാര്‍ഥ സംഭവം ശ്രീ വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു മത്സരാര്‍ത്ഥിയായ സുരഭി റാണയുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം ശ്രീ വെളിപ്പെടുത്തിയത്.
2008ലാണ് സംഭവം നടക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ടീം ആയിരുന്നു ശ്രീശാന്ത്. ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സും. തന്നെ പ്രകോപിതനാക്കരുതെന്ന് മത്സരത്തിനു മുമ്പ് ഹര്‍ഭജന്‍ സിങ് തന്നോടു പറഞ്ഞിരുന്നതായി ശ്രീശാന്ത് വെളിപ്പെടുത്തി. എന്നാല്‍ മത്സരം മുംബൈ ഇന്ത്യന്‍സ് തോറ്റു. ഹര്‍ഭജന്‍ റണ്‍സ് ഒന്നും എടുക്കാതെയാണ് പുറത്തായത്. ആ സമയത്ത് താന്‍ ഹര്‍ഭജന്റെ അടുത്തെത്തി ‘നിര്‍ഭാഗ്യം’ എന്നു പറഞ്ഞുവെന്നും ഭാജി അദ്ദേഹത്തിന്റെ കയ്യുടെ പുറകുവെച്ച് അടിക്കുകയുമായിരുന്നെന്ന് ശ്രീ പറഞ്ഞു.
‘അതൊരു തല്ലാണെന്നുപോലും പറയാന്‍ കഴിയില്ല. ഞാനാണ് അതിരുകടന്നത്. അവരുടെ ഹോംഗ്രൗണ്ടില്‍ അവര്‍ തോറ്റ് നില്‍ക്കുകയാണ്. ആ സമയത്ത് ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ആദ്യം നല്ല ദേഷ്യം എനിക്ക് ഉണ്ടായി. പക്ഷേ നിസ്സഹായനായതോടെ ഞാന്‍ കരഞ്ഞുപോയി.’ശ്രീശാന്ത് പറഞ്ഞു.
എന്നാല്‍ ഹര്‍ഭജന്‍ ഇപ്പോഴും മൂത്ത ജ്യേഷ്ഠനെപോലെയാണെന്നും അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഭാജിയുടെ കുടുംബവുമായും നല്ല ബന്ധമാണെന്നും ശ്രീ പറഞ്ഞു. ഷോയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഹര്‍ഭജനെ അറിയിക്കണമെന്ന് തന്റെ ഭാര്യയോട് ശ്രീ ആവശ്യപ്പെടുകയും ചെയ്തു

pathram:
Related Post
Leave a Comment