ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ദന്തേവാഡ: ഛത്തീസ്ഗഢില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോവാദി മേഖലയിലുള്ള 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി 18 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം വ്യോമസേന ഹെലികോപ്ടര്‍ നിരീക്ഷണവും നടത്തുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി വോട്ടെടുപ്പ് സമയക്രമത്തിലും മാറ്റമുണ്ട്. 10 മണ്ഡലങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്നുമണിവരെയും ബാക്കിയിടങ്ങളില്‍ എട്ടു മുതല്‍ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്.
മാവോവാദി മേഖലകളായ ഇവിടങ്ങളിലെ പത്തു മണ്ഡലങ്ങള്‍ അതീവ പ്രശ്‌നബാധിത മേഖലകളാണ്. ദന്തേവാഡ, മൊഹ്‌ളാ മന്‍പുര്‍, അന്തഗഡ്, ഭാനുപ്രതാപ്പുര്‍, കാന്‍കര്‍, കേശ്കല്‍, കൊണ്ടഗാവ്, നാരായണ്‍പുര്‍, ബിജാപുര്‍, കോണ്ട എന്നിവയാണ് ഗുരുതര പ്രശ്‌നമണ്ഡലങ്ങളായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കാക്കുന്നത്.
ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയെ കൂടാതെ തെലങ്കാനയിലും മിസോറമിലുമാണ് തിരഞ്ഞെടുപ്പ്. മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്തുകയെന്നത് ബി.ജെ.പി.യുടെ അഭിമാനപ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന ഫൈനലിനുമുമ്പുള്ള സെമിഫൈനലായാണ് ഈ തിരഞ്ഞെടുപ്പുകളെ ദേശീയരാഷ്ട്രീയം പരിഗണിക്കുന്നത്. മൂന്നിടത്തും രാഷ്ട്രീയച്ചൂടുയര്‍ത്തി കടുത്ത പ്രചാരണങ്ങളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായി പ്രചാരണം മാറി.
ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും പുറമേ കോണ്‍ഗ്രസില്‍നിന്നു വിട്ടുപോയ അജിത് ജോഗിയും ശക്തമായി രംഗത്തുണ്ട്. സര്‍ക്കാര്‍വിരുദ്ധ തരംഗം ഉയരുന്ന ഈ സംസ്ഥാനങ്ങളെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം വിയര്‍പ്പൊഴുക്കുന്നത്.

pathram:
Leave a Comment